പ്രസാര്‍ ഭാരതിയില്‍ വെബ് ഡെവലപ്പറാകാം; ശമ്പളം ഒരുലക്ഷത്തിനും മുകളില്‍!
പ്രസാര്‍ ഭാരതി വെബ് ഡെവലപ്പര്‍ ( പി എച്ച് പി ) തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിലവിലുള്ള മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പരാമവധി പ്രായപരിധി 38 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ന്യൂഡല്‍ഹിയില്‍ ആയിരിക്കും നിയമിക്കുക എന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്ക് ആയിരിക്കും നിയമനം. പ്രസാര്‍ ഭാരതി നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 120000 രൂപ ശമ്പളം ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു അംഗീകൃത (എ ഐ സി ടി ഇ/ യു ജി സി) യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബി.ടെക് (സി എസ് ഐ / ഐ ടി / ഇലക്ട്രോണിക്‌സ്) അല്ലെങ്കില്‍ എം സി എ / എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ലാറവല്‍ ഫ്രെയിംവര്‍ക്കില്‍ പ്രാവീണ്യമുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
കരാര്‍ കാലയളവില്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥിയ്ക്ക് അനുവാദമുണ്ടായിരിക്കില്ല. കരാര്‍ കാലാവധി ആവശ്യകത, ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം എന്നിവ അടിസ്ഥാനമാക്കി പ്രസാര്‍ ഭാരതി ദീര്‍ഘിപ്പിക്കുന്നതാണ്. അകാരണമായി ജോലിയില്‍ വീഴ്ച കണ്ടെത്തിയാല്‍ ഒരു മാസത്തെ നോട്ടീസ് പിരിയഡോട് കൂടിയോ ഒരു മാസത്തെ സാലറിയോട് കൂടിയോ ഉദ്യോഗാര്‍ത്ഥിയെ പിരിച്ചുവിടും. അഭിമുഖത്തിനോ പരീക്ഷയ്‌ക്കോ പങ്കെടുക്കുന്നതിന് യാത്രാബത്തയോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കുന്നതല്ല.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. എല്ലാ പ്രസക്തമായ രേഖകളും അപേക്ഷകള്‍ക്കൊപ്പം അറ്റാച്ച് ചെയ്യേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പ്രസ്തുത തടസത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ([email protected]) എന്ന ഇ-മെയില്‍ വഴി അപേക്ഷാ ഫോം അയയ്ക്കാവുന്നതാണ്.












Click it and Unblock the Notifications