വനം വകുപ്പില്‍ ജോലി അവസരം: മെഡിക്കല്‍ കോളേജുകളിലും ഒഴിവ്, വേറെയും ജോലി സാധ്യതകള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗക്കാരായ ആദിവാസികള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക നിയമനമാണിത്. വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും സാക്ഷരരും ആയ പുരുഷന്മാര്‍ ആയിരിക്കണം. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തിന്റെ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉളള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നൽകണം. കൂടുതല്‍ വിവരങ്ങള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ബിഎംഎസ് ടെക്‌നീഷ്യന്‍ അഭിമുഖം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.
യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐടിഐ (എന്‍സിവിറ്റി, കെജിസിഇ), ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ സ്വതന്ത്രവും സ്വന്തവുമായ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം.
പ്രായപരിധി:18-36. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2355900.
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ അഞ്ച് ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി എം എല്‍ ടി /പ്ലസ് 2 സയന്‍സ് ആന്റ് ഡി എം എല്‍ ടി കോഴ്‌സ് പാസ്.
കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ആറുമാസ കാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം 29ന്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിൽ ഒഴിവുള്ള നാല് മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താത്പര്യമുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ വിശദമായി തയാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂലൈ 29ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. രാവിലെ 10.30നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232












Click it and Unblock the Notifications