മെഡിക്കല്‍ കോളേജില്‍ സെക്യുരിറ്റി മുതല്‍ ടെക്നീഷന്‍ വരെ നിരവധി ഒഴിവുകള്‍: വേറേയുമുണ്ട് അവസരങ്ങള്‍
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്‌ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സർക്കാർ അംഗീകൃത രണ്ട് വർഷത്തെ ഡി.എം.എൽ.ടി കോഴ്‌സ് വിജയം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ഫ്‌ളബോട്ടമിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 19ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സർക്കാർ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്.

അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവർ കര/വ്യോമ/നാവിക സേനയിൽ നിന്നും വിരമിച്ച 56 വയസ്സ് കവിയാത്തവരായിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന. അഭിമുഖം മാർച്ച് 23ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.
സർക്കാർ അംഗീകൃത ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ, രജിസ്‌ട്രേഷൻ എന്നിവയാണ് ന്യൂറോ ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 25ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും. ഫോൺ: 0483 2762 037.
കുടുംബശ്രീയിൽ ഒഴിവ്
കോട്ടയം: കുടുംബശ്രീ വാഴൂർ ,ഏറ്റുമാനൂർ ബ്ലോക്കുകളിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും.
താൽപര്യമുള്ളവർ വെള്ളക്കടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ :0481-2302049
സൗജന്യ തൊഴിൽ മേള
കോട്ടയം: എം.ജി. സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19 ന് രാവിലെ 10ന് സൗജന്യ തൊഴിൽ മേള നടത്തുന്നു. സ്വകാര്യ ബാങ്കിന്റെ കോട്ടയം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലെയും എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസ് പ്രോസസിംഗ് ആൻഡ് ടെക്നോളജി മാനേജ്മന്റ് കമ്പനിയിലെയും വിവിധ തസ്തികകളിലുള്ള 150 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് ജോബ് ഡ്രൈവ്.
പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് bit.ly/mcckottayam എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ അപേക്ഷിക്കാം. കോട്ടയം അതിരമ്പുഴയിലെ മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ രാവിലെ 9.30ന് ബയോഡേറ്റ സഹിതം എത്തണം. വിശദവിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ കോട്ടയം ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2731025, 8075164727.












Click it and Unblock the Notifications