എസ്എസ്എല്‍സി പാസായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; ചെയ്യേണ്ടത് ഇത്ര മാത്രം
കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട്ടെ ഫ്‌ലൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (FCRI), 2026ലെ കൊമേഴ്‌സ്യല്‍ മള്‍ട്ടി-ടാസ്‌ക് അസിസ്റ്റന്റ്-കം-ഡ്രൈവര്‍ (MTAD) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തിലെ ഈ താല്‍ക്കാലിക തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 7 വൈകീട്ട് 5:30 വരെ ഇമെയില്‍ വഴി അപേക്ഷിക്കാം.
ആകെ 2 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകള്‍ ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എസ് സി , എസ് ടി, ഒ ബി സി - എന്‍ സി എല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. കേരള മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പ്രകാരം സാധുവായ ബാഡ്ജോടുകൂടിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനം/ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.

യാത്രാ വാഹനങ്ങള്‍ ഓടിക്കാന്‍ ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ (PSU) അല്ലെങ്കില്‍ ബാങ്കുകളിലോ ഡ്രൈവറായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, മികച്ച ഇംഗ്ലീഷ്, മലയാളം വായനാ, എഴുത്ത്, സംസാര ശേഷി എന്നിവയും ഹിന്ദിയില്‍ സംസാരിക്കാനുള്ള കഴിവ് എന്നിവയും അഭികാമ്യമാണ്.
എല്ലാ ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഏപ്രില്‍ 7-ലെ കണക്കനുസരിച്ച് അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 30 വയസസ്സാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17,500 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും.
കൂടാതെ, ഓവര്‍ടൈം ജോലികള്‍ക്ക് മണിക്കൂറിന് 50 രൂപ നിരക്കില്‍ അധിക അലവന്‍സും ഉണ്ടാകും. നിയമനം ഒരു വര്‍ഷത്തേക്കാണ്. പ്രകടനം തൃപ്തികരമാണെങ്കില്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ്, പേഴ്‌സണല്‍ അസെസ്‌മെന്റ്/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡ്രൈവിംഗ് ടെസ്റ്റിലും മൂല്യനിര്‍ണ്ണയത്തിലുമുള്ള പ്രകടനമാണ് അന്തിമ തിരഞ്ഞെടുപ്പിന് മാനദണ്ഡമാവുക.
ഈ പ്രക്രിയയില്‍ ട്രാവല്‍ അലവന്‍സോ ഡെയിലി അലവന്‍സോ (TA/DA) ലഭ്യമല്ല. അപേക്ഷിക്കാന്‍, FCRIയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.fcriindia.comലെ കരിയര്‍ പേജില്‍ നിന്ന് 'FCRI-Application-for-Driver (short term contract)' ഫോം ഡൗണ്‍ലോഡ് ചെയ്യുക. ഫോം പൂരിപ്പിച്ച് പ്രിന്റ് എടുത്ത് ഒപ്പിടണം. ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ബാഡ്ജോടുകൂടിയ ഡ്രൈവിംഗ് ലൈസന്‍സ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ചേര്‍ത്ത് ഒരു പിഡിഎഫ് ഫയലാക്കുക.
ഈ പിഡിഎഫ് ഫയല്‍, ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനില്‍ കൃത്യമായി 'MTAD 2026' എന്ന് ചേര്‍ക്കണം. അപേക്ഷകള്‍ 2026 ഏപ്രില്‍ 7 വൈകീട്ട് 5:30-ന് മുമ്പ് ലഭിച്ചിരിക്കണം. ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ സന്നദ്ധരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത. അപൂര്‍ണ്ണമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ല.












Click it and Unblock the Notifications