ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?
ബാപ്പൂജി സേവക് സമാജത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) ഇടുക്കി, അസിസ്റ്റന്റ്, ഡ്രൈവര്‍, സ്‌കില്‍ഡ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കാര്‍ഷിക മേഖലയിലെ പിന്തുണയ്ക്കും വൈദഗ്ധ്യത്തിനുമായി ആകെ മൂന്ന് ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റിലൂടെ നികത്തുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പേ ലെവലുകള്‍ പ്രകാരം പ്രതിമാസം 18,000 രൂപ മുതല്‍ 35,400 രൂപ വരെ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് തസ്തികയ്ക്ക് (പേ ലെവല്‍ 6) 35,400 രൂപ, ഡ്രൈവര്‍ തസ്തികയ്ക്ക് (പേ ലെവല്‍ 3) 21,700 രൂപ, സ്‌കില്‍ഡ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയ്ക്ക് (പേ ലെവല്‍ 1) 18,000 രൂപ എന്നിങ്ങനെയാണ് ഓരോ പ്രതിമാസ വേതനം നിശ്ചയിച്ചിരിക്കുന്നത്.

ഓരോ തസ്തികയിലേക്കും ഓരോ ഒഴിവ് വീതം ലഭ്യമാണ്. എംപ്ലോയ്മെന്റ് ന്യൂസില്‍ പരസ്യം പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. 2026 ഏപ്രില്‍ 4 മുതല്‍ 10 വരെയാണ് എംപ്ലോയ്മെന്റ് ന്യൂസില്‍ ഈ റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരിക്കുന്നത്. അതിനാല്‍, അപേക്ഷകള്‍ കൃത്യസമയത്ത് ലഭിക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതിക്ക് മുന്‍പായി തപാല്‍ വഴി അയയ്ക്കാന്‍ ശ്രദ്ധിക്കുക.
ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളാണുള്ളത്. അസിസ്റ്റന്റ് തസ്തികയ്ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നിര്‍ബന്ധമാണ്. സ്‌കില്‍ഡ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം, അല്ലെങ്കില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഡ്രൈവര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയവും സാധുവായ ഡ്രൈവിംഗ് ലൈസന്‍സും നിര്‍ബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡ്രൈവിംഗിലുള്ള പ്രായോഗിക വൈദഗ്ദ്ധ്യം തെളിയിക്കുന്നതിനുള്ള പരീക്ഷയും ഉണ്ടാകും. ഐടിഐയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ട്രേഡ് സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സ്ഥാപനത്തിലെ ഡ്രൈവിംഗ് പരിചയമോ അല്ലെങ്കില്‍ മോട്ടോര്‍ മെക്കാനിക് ജോലികളിലെ പ്രവര്‍ത്തിപരിചയമോ അഭികാമ്യമാണ്.
അസിസ്റ്റന്റ് തസ്തികയ്ക്ക് 20-30 വയസ്സ്, ഡ്രൈവര്‍ തസ്തികയ്ക്ക് 18-27 വയസ്സ്, സ്‌കില്‍ഡ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയ്ക്ക് 18-25 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എസ്.സി., എസ്.ടി., ഒ.ബി.സി., പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. അപേക്ഷാ ഫീസ് 500 രൂപ ആണ്. ഇത് ദേശീയ ബാങ്കില്‍ നിന്ന് 'Chairperson, Bapooji Sevak Samaj' എന്ന പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, രാജാക്കാട്ട് ശാഖയില്‍ മാറാവുന്ന തരത്തില്‍ സമര്‍പ്പിക്കണം.
എന്നാല്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായ ഇളവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകളുടെ സൂക്ഷ്മ പരിശോധന (സ്‌ക്രീനിംഗ്) നടത്തും. ഈ സ്‌ക്രീനിംഗില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാത്രമേ അഭിമുഖത്തിനായി ക്ഷണിക്കുകയുള്ളൂ. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യാത്രാബത്തയോ ദിവസബത്തയോ നല്‍കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക വെബ്‌സൈറ്റായ www.kvkidukki.org സന്ദര്‍ശിച്ച് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം, ഫോം പൂര്‍ണ്ണമായി പൂരിപ്പിച്ച് ഏറ്റവും പുതിയതും സ്വയം സാക്ഷ്യപ്പെടുത്തിയതുമായ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം (എന്തെങ്കിലുമുണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷാ ഫോമിനോടൊപ്പം വെക്കണം.
അപേക്ഷാ ഫീസ് ബാധകമായവര്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റും ചേര്‍ക്കുക. ഈ രേഖകളെല്ലാം ചേര്‍ത്ത ശേഷം, അപേക്ഷ 'Application for the post of __' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി വേണം അയക്കാന്‍. പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും ആവശ്യമായ ഫീസ് സഹിതം താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അവസാന തീയതിക്ക് മുന്‍പായി എത്തത്തക്കവിധം അയക്കേണ്ടതാണ്
വിലാസം
The Chairperson, Icar-krishi Vigyan Kendra, Bapooji Sevak Samaj, Pethotty P.o., Santhanpara, Idukki District-685619, Kerala. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.












Click it and Unblock the Notifications