വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് (പ്രോജക്ട്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകളാണ് ഈ സര്‍ക്കാര്‍ സ്ഥാപനം ക്ഷണിച്ചിരിക്കുന്നത്. ഈ താല്‍ക്കാലിക തസ്തികകളിലേക്ക് മാര്‍ച്ച് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തില്‍ ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
ഒരു അക്കൗണ്ടന്റ് തസ്തികയും രണ്ട് ഓഫീസ് അസിസ്റ്റന്റ് (പ്രോജക്ട്) തസ്തികകളുമാണിവ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 മുതല്‍ 30,000 വരെ ശമ്പളം ലഭിക്കും. IAV/403/R&D/2022 ആണ് ഈ വിജ്ഞാപനത്തിന്റെ പരസ്യം നമ്പര്‍. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞത് 55% മാര്‍ക്കോടെ എം കോം ബിരുദവും ടാലിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നിര്‍ബന്ധമാണ്.

സംസ്ഥാന അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (CA) സ്ഥാപനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ട്‌സ്/ഓഡിറ്റ് കൈകാര്യം ചെയ്ത അഞ്ചുവര്‍ഷത്തെ പരിചയവും ആവശ്യമാണ്. ജി എസ് ടി /ആദായനികുതി കണക്കാക്കുന്നതിലും അടയ്ക്കുന്നതിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലും പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 37 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. ഓഫീസ് അസിസ്റ്റന്റ് (പ്രോജക്ട്) തസ്തികയിലേക്ക് കുറഞ്ഞത് 50% മാര്‍ക്കോടെയുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും യോഗ്യതയായി കണക്കാക്കുന്നു. സംസ്ഥാന അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളത് അഭികാമ്യം.
35 വയസാണ് ഈ തസ്തികയിലേക്കുള്ള ഉയര്‍ന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷാഫീസായി 200 കൂടാതെ ജി എസ് ടിയും അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നവരെ ഒരു സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് തുടര്‍ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി പരിഗണിക്കും.
അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.iav.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ നിന്ന് അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനം കണ്ടെത്തുക. ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് യോഗ്യതാ മാനദണ്ഡങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ശേഷം, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ പൂരിപ്പിക്കുക.
വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലുമുള്ള എല്ലാ രേഖകളും അപ്ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കാം.












Click it and Unblock the Notifications