ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ?
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍) തസ്തികകളിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ രണ്ട് ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ.
കാറ്റഗറി നമ്പര്‍ 13/2026 പ്രകാരമുള്ള ഈ നിയമനത്തിന്, തിരുവനന്തപുരത്ത് പ്രതിമാസം 20,740 രൂപ മുതല്‍ 36,140 രൂപ വരെയാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 29 രാത്രി 12 മണി വരെയാണ്. ഈ കാലയളവിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. പിന്നീട് അപേക്ഷകളില്‍ മാറ്റങ്ങള്‍ വരുത്താനോ നീക്കം ചെയ്യാനോ സാധ്യമല്ല.

18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയില്‍ (ഈ തീയതികള്‍ ഉള്‍പ്പെടെ) ജനിച്ചവര്‍ക്കാണ് പൊതുവായ പ്രായപരിധി ബാധകം. പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍, പരമാവധി പ്രായപരിധി 50 വയസ്സ് കവിയാന്‍ പാടില്ല.
കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് ഈ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി പരിഗണിക്കുന്നതാണ്. യോഗ്യതകള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷാ ഫീസ് ഈ നിയമനത്തിലേക്ക് ആവശ്യമില്ല.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി 'വണ്‍ ടൈം രജിസ്‌ട്രേഷന്‍' പോര്‍ട്ടല്‍ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത ശേഷം കാറ്റഗറി നമ്പര്‍ 13/2026 എന്നതിന് നേരെയുള്ള 'Apply Now' ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക, എഴുത്ത് പരീക്ഷ, രേഖാപരിശോധന, വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍, കമ്മീഷന്‍ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കി അവരില്‍ നിന്ന് എഴുത്ത് പരീക്ഷ നടത്താന്‍ സാധ്യതയുണ്ട്.
വ്യക്തിഗത വിവരങ്ങളുടെയും പാസ്വേര്‍ഡിന്റെയും രഹസ്യാത്മകത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അപേക്ഷകര്‍ക്കാണ്. പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ കൃത്യത അന്തിമമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം. കൂടുതല്‍ ആശയവിനിമയങ്ങള്‍ക്കായി യൂസര്‍-ഐഡി രേഖപ്പെടുത്തി വെക്കേണ്ടതാണ്.
അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കുന്നത് ഭാവിയിലെ ആവശ്യങ്ങള്‍ക്ക് സഹായകമാകും. അപേക്ഷ സമര്‍പ്പിച്ച ശേഷം 'My Applications' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളോടൊപ്പം അപേക്ഷയുടെ പ്രിന്റ് ഔട്ട് ഹാജരാക്കണം.
വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്ത അപേക്ഷകള്‍ പ്രോസസ്സിംഗ് സമയത്ത് കണ്ടെത്തിയാല്‍ അവ റദ്ദാക്കപ്പെടും. യോഗ്യത, പ്രായം, സമുദായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഫോട്ടോ, ഒപ്പ്, എസ്എസ്എല്‍സി/+2/ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഉയരം, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി (ഓപ്ഷണല്‍) എന്നിവ ആവശ്യമാണ്. അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യുന്ന ഫോട്ടോ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതും ആറുമാസത്തിനുള്ളില്‍ എടുത്തതുമായിരിക്കണം. ഈ റാങ്ക് ലിസ്റ്റിന് ചുരുങ്ങിയത് ഒരു വര്‍ഷവും പരമാവധി മൂന്ന് വര്‍ഷവും പ്രാബല്യമുണ്ടാകും.
ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഒഴിവുകളിലേക്ക് ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതാണ്.












Click it and Unblock the Notifications