കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ ഒഴിവുകള്‍; അരലക്ഷം രൂപവരെ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ?
കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ലീഗല്‍ അഡൈ്വസര്‍, ഫെസിലിറ്റി മാനേജ്മെന്റ് ഓഫീസര്‍, പിആര്‍ സ്ട്രാറ്റജിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേരളത്തിലാണ് ഈ 8 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനമാണിത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷം തോറും നീട്ടി നല്കാവുന്നതും പരമാവധി 3 വര്‍ഷം വരെ നീളാവുന്നതുമാണ്. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകള്‍ എന്നിവ ചുവടെ കൊടുത്തിരിക്കുന്നു.

പിആര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റ്
ഈ തസ്തികയില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 49500 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷകര്‍ക്ക് 19-09-2026-ല്‍ 40 വയസില്‍ താഴെയായിരിക്കണം പ്രായം. ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, മീഡിയ സ്റ്റഡീസ് അല്ലെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. Adobe Illustrator, CorelDRAW, Adobe InDesign, Adobe Premiere Pro അല്ലെങ്കില്‍ Google Analytics എന്നിവയിലുള്ള അറിവ് അഭികാമ്യം. പബ്ലിക് റിലേഷന്‍സ്, കണ്ടന്റ് റൈറ്റിംഗ്, സോഷ്യല്‍ മീഡിയ സ്ട്രാറ്റജി/മാനേജ്മെന്റ്, സോഷ്യല്‍ മീഡിയ ഡാറ്റാ അനാലിസിസ്, ഗ്രാഫിക് ഡിസൈന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന് അല്ലെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും Adobe Photoshop-ലും (അല്ലെങ്കില്‍ തത്തുല്യമായവയിലും) പ്രായോഗിക അറിവ് ഉണ്ടായിരിക്കണം. കേരളത്തിലെ ഏത് ജില്ലയിലും (ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ആവശ്യമാണ്) ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ഫെസിലിറ്റി മാനേജ്മെന്റ് ഓഫീസര്‍
ഈ തസ്തികയില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷകര്‍ക്ക് 28-09-2026-ല്‍ 40 വയസില്‍ താഴെയായിരിക്കണം പ്രായം. ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഇ/എംടെക് ബിരുദം ഉണ്ടായിരിക്കണം. ആകെ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇതില്‍ ബാങ്കിംഗ്/എന്‍ബിഎഫ്സി/എഫ്ഐ മേഖലകളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ സാങ്കേതിക ചുമതലയിലുള്ള പരിചയം നിര്‍ബന്ധമാണ് (കെട്ടിട പ്ലാന്‍ തയ്യാറാക്കല്‍, നിര്‍മ്മാണ മേല്‍നോട്ടം, അറ്റകുറ്റപ്പണി, നവീകരണം, സാങ്കേതിക വിലയിരുത്തല്‍, പദ്ധതിയുടെ പ്രായോഗികത പരിശോധിക്കല്‍, സ്വത്തുക്കളുടെ/ആസ്തികളുടെ മൂല്യനിര്‍ണ്ണയം തുടങ്ങിയവ). തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലായിരിക്കും നിയമനം. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതും അവിടെ താമസിക്കേണ്ടതുമായ സാഹചര്യമുണ്ടാകാം.
ലീഗല്‍ അഡൈ്വസര്‍
ഈ തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40000 രൂപ ശമ്പളം ലഭിക്കും. കൂടാതെ കോര്‍പ്പറേഷന്റെ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള യാത്രാബത്തയും ക്ഷാമബത്തയും ലഭിക്കും. അപേക്ഷകര്‍ക്ക് 28-09-2026-ല്‍ 40 വയസില്‍ താഴെയായിരിക്കണം പ്രായം. ഒബിസി / മുസ്ലീം / ഇ/ബി/ടി / എല്‍സി/എഐ വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. യോഗ്യത നേടിയ ശേഷം ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ, അല്ലെങ്കില്‍ ബാങ്ക്/എന്‍ബിഎഫ്സി/എഫ്ഐ എന്നിവയുടെ നിയമ വിഭാഗത്തിലോ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച 'ഡ്രാഫ്റ്റിംഗ്' (നിയമപരമായ രേഖകള്‍ തയ്യാറാക്കാനുള്ള) കഴിവ് ഉണ്ടായിരിക്കണം.
നിയമപരമായ പരിശോധനയിലോ SARFAESI 2002 / IBC 2016 നിയമങ്ങള്‍ക്ക് കീഴിലുള്ള കേസുകളിലോ ഉള്ള പരിചയത്തിന് മുന്‍ഗണന നല്‍കുന്നതാണ്. കട്ടപ്പന, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട് (ഭരണപരമായ സൗകര്യാര്‍ത്ഥം നിയമനം തീരുമാനിക്കും).
ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. അപേക്ഷകളുടെ പരിശോധന, അഭിമുഖം / എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റ് ആധാരമാക്കിയാണ് നിയമനം നടത്തുക. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ തീയതി മുതല്‍ 1 വര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.


Click it and Unblock the Notifications
