കണ്ണൂര്‍ വിമാനത്താവളത്തില്‍ സീനിയര്‍ മാനേജര്‍ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം!
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (KIAL) സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, സിവില്‍, ഹ്യൂമന്‍ റിസോഴ്സ് (HR) വിഭാഗങ്ങളിലായി മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായവര്‍ക്ക് ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍), സീനിയര്‍ മാനേജര്‍ (സിവില്‍), സീനിയര്‍ മാനേജര്‍ (HR) എന്നീ തസ്തികകളിലേക്കാണ് നിയമനം.
ഡയറക്ട് റിക്രൂട്ട്‌മെന്റ് വഴി മൂന്ന് ഒഴിവുകളാണുള്ളത്. വിജ്ഞാപന നമ്പര്‍ 01/KIAL/Rect/2025-26 ആണ്. ഈ മൂന്ന് സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,50,000 ഏകീകൃത ശമ്പളമായി ലഭിക്കും. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കാന്‍ സാധ്യതയുണ്ട്. 2026 ജനുവരി 31-ലെ കണക്കനുസരിച്ച് അപേക്ഷകരുടെ പരമാവധി പ്രായപരിധി 52 വയസായിരിക്കണം.

സീനിയര്‍ മാനേജര്‍ (സിവില്‍ എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ഇ./ബി.ടെക് ബിരുദം, കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എന്നിവയിലെ പരിചയം അഭികാമ്യം. വിമാനത്താവളങ്ങളിലെ റണ്‍വേ, ടാക്‌സ് വേ, ടെര്‍മിനല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലുള്ള പരിചയത്തിന് മുന്‍ഗണന.
സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്) വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ഇ./ബി.ടെക് ബിരുദം, 15 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. ഹൈ വോള്‍ട്ടേജ് (HV), ലോ വോള്‍ട്ടേജ് (LV) ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷനുകളിലെ വൈദഗ്ദ്ധ്യം അനിവാര്യം. എയര്‍ഫീല്‍ഡ് ലൈറ്റിംഗ് (AFL), നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചറിനായുള്ള പവര്‍ ബാക്കപ്പ് സംവിധാനങ്ങള്‍ എന്നിവയിലെ പരിചയത്തിന് മുന്‍ഗണന.
സീനിയര്‍ മാനേജര്‍ (HR) തസ്തികയിലേക്ക് HR/പേഴ്‌സണല്‍ മാനേജ്മെന്റ് സ്‌പെഷ്യലൈസേഷനോടുകൂടിയ ഫുള്‍-ടൈം എംബിഎ, അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ (PM & IR) ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് രംഗത്ത് കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം അത്യാവശ്യം. വ്യാവസായിക ബന്ധങ്ങള്‍, റിക്രൂട്ട്മെന്റ്, പേറോള്‍, നിയമപരമായ അനുസരണങ്ങള്‍ എന്നിവ കൈകാര്യം ചെയ്ത വലിയ സ്ഥാപനങ്ങളിലെ പരിചയം നിര്‍ബന്ധം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kannurairport.aero വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എവിക്ടി വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കി, മറ്റ് അപേക്ഷകരെല്ലാം 500 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഈ തുക അടയ്ക്കാം. ഇത് തിരികെ ലഭിക്കാത്ത ഫീസാണ്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 17 വൈകുന്നേരം 5:00 മണ വരെയായി നീട്ടിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഈ സമയപരിധി ശ്രദ്ധിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കണം. സീനിയര്‍ മാനേജര്‍ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയെയും അഭിമുഖത്തിലെ പ്രകടനത്തെയും അടിസ്ഥാനമാക്കിയായിരിക്കും. ഈ തസ്തികകള്‍ക്ക് എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല.
മറ്റ് തസ്തികകളിലേക്ക് അപേക്ഷകരുടെ എണ്ണം 100-ല്‍ കൂടുതലാണെങ്കില്‍, അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഒരു എഴുത്ത് പരീക്ഷ നടത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.












Click it and Unblock the Notifications