സിയാലില്‍ പ്ലാന്റ് എന്‍ജിനീയറാകാം... ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം ഇത്ര
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (CIAL) ഉപകമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍സ് ലിമിറ്റഡില്‍ (CIL) പ്ലാന്റ് എന്‍ജിനീയര്‍ തസ്തികയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന 12MWp സോളാര്‍ പവര്‍ പ്ലാന്റിലേക്കാണ് നിലവില്‍ ഒഴിവുള്ളത്.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് കമ്പനിയുടെ നയങ്ങള്‍ക്കനുസൃതമായി പി.എഫ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ സഹിതം പ്രതിമാസം 40,000 രൂപ വേതനമായി ലഭിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 17 ആണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

2026 മാര്‍ച്ച് 1-ലെ കണക്കനുസരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 35 വയസ്സില്‍ കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ രണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. ആദ്യത്തേത്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 60% മാര്‍ക്കോടെ ഡിപ്ലോമ നേടിയിരിക്കണം. ഇതിനൊപ്പം നാല് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഇതില്‍ ഒരു വര്‍ഷം സോളാര്‍ പവര്‍ പ്ലാന്റിലെ അനുഭവപരിചയവും നിര്‍ബന്ധമാണ്.
രണ്ടാമത്തെ ഓപ്ഷന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 60% മാര്‍ക്കോടെ ബി.ഇ അല്ലെങ്കില്‍ ബി.ടെക് ബിരുദമാണ്. ഇതിന് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്, അതില്‍ ഒരു വര്‍ഷം സോളാര്‍ പവര്‍ പ്ലാന്റിലേതായിരിക്കണം. അപേക്ഷകരുടെ എണ്ണം അടിസ്ഥാനമാക്കി കമ്പനി മാനേജ്മെന്റ് തീരുമാനിക്കുന്ന രീതിയിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
പയ്യന്നൂരിലെ 12MWp സോളാര്‍ പവര്‍ പ്ലാന്റിലാകും നിയമനം എങ്കിലും, ഭാവിയില്‍ പദ്ധതി ആവശ്യകതകള്‍ക്ക് അനുസൃതമായി ഉദ്യോഗാര്‍ത്ഥികളെ സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍സിന്റെ മറ്റ് പ്ലാന്റുകളിലേക്കോ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കോ മാറ്റാന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കും. പ്രകടനം വിലയിരുത്തിയ ശേഷം കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ മാനേജ്മെന്റിന്റെ തീരുമാനം അന്തിമമായിരിക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cialinfra.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജൂണ്‍ 17 വരെയാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചിട്ടില്ല. വെബ്‌സൈറ്റിലെ 'Recruitment' അല്ലെങ്കില്‍ 'Career' മെനുവില്‍ പ്രവേശിച്ച് പ്ലാന്റ് എന്‍ജിനീയര്‍ ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തണം.
പൂര്‍ണ്ണരൂപത്തിലുള്ള വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് ഉപയോഗിച്ച് വിവരങ്ങള്‍ പൂരിപ്പിക്കുക. നിശ്ചിത വലുപ്പത്തിലും ഫോര്‍മാറ്റിലുമുള്ള രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. സിഗ്‌നേച്ചര്‍ JPEG ഫോര്‍മാറ്റിലും, സര്‍ട്ടിഫിക്കറ്റുകള്‍ PDF ഫോര്‍മാറ്റിലുമായിരിക്കണം അപ്ലോഡ് ചെയ്യേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.















Click it and Unblock the Notifications