വിഎസ്എസ്‌സിയില്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഒഴിവ്; ആര്‍ക്കൊക്കെ അപേക്ഷിക്കാം? ശമ്പളം 50000 ത്തിന് മുകളില്‍
വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ( വി എസ് എസ് സി ) റിസര്‍ച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2026 ജനുവരി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള നിയമനം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെവല്‍ 10 പ്രകാരം പ്രതിമാസം 56,100 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക. മെറ്റീരിയോളജിയിലോ അറ്റ്മോസ്‌ഫെറിക് സയന്‍സിലോ കുറഞ്ഞത് 65% മാര്‍ക്കോടെയുള്ള എം.എസ്സി ബിരുദമാണ് ( അല്ലെങ്കില്‍ തത്തുല്യമായ 6.84/10 CGPA ) അടിസ്ഥാന യോഗ്യത. 2026 ജനുവരി 12-ന് 18നും 28നും ഇടയിലായിരിക്കണം പ്രായം.

കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിക്കും. ഡോപ്ലര്‍ വെതര്‍ റഡാറിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിലൂടെയുള്ള ഡാറ്റാ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക, മൂല്യനിര്‍ണ്ണയം, റഡാര്‍ പരിപാലനം എന്നിവയാണ് പ്രധാന ചുമതലകള്‍. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ജീവനക്കാര്‍ക്ക് വൈദ്യസഹായം, കാന്റീന്‍, ലഭ്യത അനുസരിച്ച് താമസസൗകര്യം എന്നിവയും ലഭിക്കും.
ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ആവശ്യമില്ല. അപേക്ഷകരുടെ പ്രാരംഭ സ്‌ക്രീനിംഗിന് ശേഷം യോഗ്യരായവരെ അഭിമുഖത്തിനായി തിരഞ്ഞെടുക്കും. അഭിമുഖം വിഎസ്എസ്സി, തിരുവനന്തപുരത്ത് വെച്ച് നടക്കും. കേവലം യോഗ്യത നേടിയതുകൊണ്ട് മാത്രം അഭിമുഖത്തിന് ക്ഷണം ലഭിക്കണമെന്നില്ല. തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അഭിമുഖത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഇ-മെയില്‍ വഴി കോള്‍ ലെറ്റര്‍ ലഭിക്കും, ഫലങ്ങള്‍ വിഎസ്എസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. താല്‍പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.vssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്‌സൈറ്റിലെ ഹോം പേജില്‍ 'Recruitment / Career / Advertising Menu' എന്ന ഭാഗത്ത് റിസര്‍ച്ച് സയന്റിസ്റ്റ് ഒഴിവുകളുമായി ബന്ധപ്പെട്ട വിജ്ഞാപനം കണ്ടെത്തുക.
വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക. തുടര്‍ന്ന്, ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് വഴി ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കുക. നിശ്ചിത ഫോര്‍മാറ്റിലും വലുപ്പത്തിലുമുള്ള രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.












Click it and Unblock the Notifications