ബിടെക്കുകാര്‍ക്ക് മികച്ച അവസരം, 70000 രൂപയ്ക്ക് മുകളില്‍ ശമ്പളം.. അതും കേരളത്തില്‍!
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (കെ ആര്‍ ഡബ്ല്യു എസ് എ) ജലനിധിക്ക് കീഴില്‍ ഡയറക്ടര്‍ ( ടെക്‌നിക്കല്‍ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിക്കാം. ആകെ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 13 വരെ തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ മാര്‍ഗം അപേക്ഷിക്കാം.
കേരളത്തില്‍ തന്നെയായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73500 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 58 വയസ് ആണ് പ്രായപരിധി. ബി. ടെക് ( സിവില്‍ ) യോഗ്യതയും സിവില്‍ എഞ്ചിനീയറിംഗ് ജോലികളില്‍ 12 വര്‍ഷത്തെ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥിക്ക് ജല വിതരണം, ശുചിത്വം, മലിന ജല പദ്ധതികളുടെ രൂപകല്‍പ്പനയിലും നടപ്പാക്കലിലും പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്. ജലനിധി കേരള റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കൂ.
വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 2025 ജൂണ്‍ 13 വൈകുന്നേരം 5:00 മണിക്കോ അതിനുമുമ്പോ 'എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി { KRWSA }, രണ്ടാം നില, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, ജലഭവന്‍ കാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം - 695033' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്നതോ സമയപരിധിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകള്‍ നിരസിക്കപ്പെടും. മികച്ച പരിചയവും അവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡും ഉള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനുള്ള അവകാശം ഏജന്‍സിയില്‍ നിക്ഷിപ്തമാണ്. മുന്‍കാല 'ജലനിധി' പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ വെയിറ്റേജ് നല്‍കുന്നതാണ്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.jalanidhi.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.












Click it and Unblock the Notifications