ഏതെങ്കിലും ഡിഗ്രി മതി, കുടുംബശ്രീയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവാകാം, ശമ്പളം എത്രയെന്നോ?
സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനം പുറത്തിറക്കി കുടുംബശ്രീ. ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനം ഓഫ്ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 16 വരെ തപാല്‍ വഴി അപേക്ഷിക്കാം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 30 വയസായിരിക്കണം. 01/08/2025 ന് 30 വയസ് തികയാത്തവര്‍ക്കും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ 2 വര്‍ഷത്തെ പരിചയവും ആണ് യോഗ്യതയായി കണക്കാക്കുന്നത്.

ഈ റിക്രൂട്ട്‌മെന്റിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ആവശ്യമായ രേഖകള്‍, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 16, വൈകുന്നേരം 5:00 മണി വരെ. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം:-
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം - 695004
അപേക്ഷകന്‍ അപേക്ഷയില്‍ ശരിയായ ഇമെയില്‍ വിലാസം നല്‍കണം. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഈ ഇമെയില്‍ വഴി അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കുടുംബശ്രീ
സമൂഹ പങ്കാളിത്തത്തോടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനും സ്ത്രീശാക്തീകരണത്തിനുമുള്ള കേരള സര്‍ക്കാരിന്റെ പദ്ധതിയാണ് കുടുംബശ്രീ. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് കീഴില്# തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഇന്ന് ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.
1998 ല്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇകെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.












Click it and Unblock the Notifications