തൃശൂര്‍ മൃഗശാലയില്‍ പത്താം ക്ലാസുകാര്‍ക്കും ബിരുദക്കാര്‍ക്കും അവസരം; ശമ്പളം എത്രയെന്ന് കേട്ടോ?
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ച് കേരള വനം & വന്യജീവി വകുപ്പ്. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓഫ്ലൈന്‍ അപേക്ഷയാണ് സ്വീകരിക്കുന്നത്. ആഗസ്റ്റ് 16 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. നിയമനം താല്‍ക്കാലികമായിരിക്കും.
ആകെ ഏഴ് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍, ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഓരോ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ആകെ മൂന്ന് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 50 വയസ് കവിയാന്‍ പാടില്ല.

ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 36 വയസ് കവിയാന്‍ പാടില്ല. പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍ എന്നീ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,070 രൂപ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ക്ക് 19,310 രൂപയും ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240 രൂപയും ലഭിക്കും.
പമ്പ് ഓപ്പറേറ്റര്‍
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മോട്ടോര്‍ മെക്കാനിക്‌സ് അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ / ഐ.ടി.സി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പമ്പ് ഓപ്പറേറ്റര്‍ / പ്ലംബര്‍ / തത്തുല്യ ജോലിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മുകളില്‍ പറഞ്ഞ പ്രവൃത്തിപരിചയം അപ്രന്റീസ്ഷിപ്പിന് പുറമേ ആയിരിക്കണം.
പ്ലംബര്‍
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ / ഐ.ടി.സി സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പ്ലംബര്‍ തസ്തികയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. മുകളില്‍ പറഞ്ഞ പ്രവൃത്തി പരിചയം അപ്രന്റീസ്ഷിപ്പിന് പുറമേ ആയിരിക്കണം.
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍
കുറഞ്ഞത് എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പമ്പിംഗ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. മുകളില്‍ പറഞ്ഞ പരിചയം അപ്രന്റീസ്ഷിപ്പിന് പുറമേ ആയിരിക്കണം.
ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം.എസ്. ഓഫീസില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്.
ജൂനിയര്‍ അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം.എസ്. ഓഫീസില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്
ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. രേഖ പരിശോധന, വ്യക്തിഗത അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രായം, യോഗ്യത, ജാതി മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 'ഡയറക്ടര്‍, തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ (പിഒ), കുരിശുമുളകു സമീപം, തൃശൂര്‍ -680014, കേരളം' എന്ന വിലാസത്തില്‍ 2025 ഓഗസ്റ്റ് 16-നോ അതിനുമുമ്പോ അയയ്ക്കണം - ഇ-മെയില്‍: [email protected]












Click it and Unblock the Notifications