ശബരിമലയില്‍ 300 ഒഴിവുകള്‍.... താമസവും ഭക്ഷണവും സൗജന്യം, ശമ്പളം ഇത്ര
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് സുരക്ഷാ ഗാര്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 300 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ താല്‍ക്കാലികമായിട്ടായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായിരിക്കും നിയമിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 25 വരെ ഓഫ്ലൈനായി (തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ) അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ 2026 ജനുവരി 20 - ന് 67 വയസ് കവിയാത്തവരായിരിക്കണം. മുന്‍ സൈനികരോ, സംസ്ഥാന പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പുകളില്‍ നിന്ന് വിരമിച്ചവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഈ സേവന മേഖലകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. കൂടാതെ, പുരുഷന്മാരായ ഹിന്ദു മത വിശ്വാസികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത.

അപേക്ഷകര്‍ക്ക് മികച്ച ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പ്രതിദിനം 900 രൂപയാണ് പ്രതിദിന ശമ്പളം. താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി ലഭിക്കും. നിയമനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല.
താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം ബയോഡാറ്റയും, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയം എന്നിവയുള്‍പ്പെടെയുള്ള പ്രധാന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും സഹിതം സമര്‍പ്പിക്കണം.
'ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003' എന്ന വിലാസത്തിലേക്കോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 2025 ഡിസംബര്‍ 25-നോ അതിനുമുമ്പോ അപേക്ഷകള്‍ അയയ്‌ക്കേണ്ടതാണ്.
അപേക്ഷകരെ രേഖാ പരിശോധനയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. നേരിട്ടുള്ള അഭിമുഖം ഡിസംബര്‍ 30 - ന് രാവിലെ 10 മണി മുതല്‍ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസില്‍ വെച്ച് നടക്കും. തപാല്‍ / ഇ - മെയില്‍ വഴി അപേക്ഷിച്ച ശേഷം, അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഹാജരാകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.travancoredevaswomboard.org സന്ദര്‍ശിക്കുക.












Click it and Unblock the Notifications