കോഴിക്കോട് ജോലി നേടാം, ഐഐഎമ്മിൽ വീണ്ടും ഒഴിവ്..അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഐ.ഐ.എം. കോഴിക്കോട് ലൈബ്രറി അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. രണ്ട് ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ്. പ്ലസ്ടുവോ തത്തുല്യമോ ആയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിയതിന് ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ ഓഫീസ് പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ഏശമ്പളമായി ലഭിക്കും. ഇതിന് പുറമെ പ്രതിമാസം 300/- ടെലിഫോൺ അലവൻസായും നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ജോബ് റോൾ
ലൈബ്രറിയിലെ പുസ്തകങ്ങൾ, ആനുകാലികങ്ങൾ (വെവ്വേറെയും ബൗണ്ട് ചെയ്തവയും), മറ്റ് വായനാ സാമഗ്രികൾ എന്നിവ വൃത്തിയാക്കുക, അവ ശരിയായ രീതിയിൽ ഷെൽഫുകളിൽ അടുക്കിവെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നിവ പ്രധാനപ്പെട്ട ജോലികളാണ്. പുതിയതായി എത്തുന്ന പുസ്തകങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ കൃത്യമായി ഷെൽഫുകളിൽ വെക്കണം.ഷെൽഫുകൾ ക്രമീകരിക്കുക, പുസ്തകങ്ങൾ ആവശ്യമനുസരിച്ച് മാറ്റി സ്ഥാപിക്കുക, ലൈബ്രറി ഇൻഫർമേഷൻ സെന്റർ (എൽ.ഐ.സി.) ജീവനക്കാർ ഇല്ലാത്ത സമയങ്ങളിൽ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി എടുക്കുക എന്നിവയും ഈ തസ്തികയിലെ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിലും വായനാ ഹാളുകളിലും കസേരകളും മേശകളും ക്രമീകരിക്കുക, ഉപയോക്താക്കളെ പുസ്തകങ്ങൾ കണ്ടെത്താൻ സഹായിക്കുക, തെറ്റിപ്പോയവ കണ്ടെത്തുക തുടങ്ങിയ ജോലികളും ചെയ്യണം.

പ്രത്യേക പരിഗണന അർഹിക്കുന്ന ഉപയോക്താക്കൾക്കും പൊതുവായ വായനക്കാർക്കും പിന്തുണ നൽകേണ്ടതും ചുമതലയാണ്. പുസ്തകങ്ങളിൽ സ്റ്റാമ്പ് ചെയ്യുക, ടാഗ് ചെയ്യുക, സ്പൈൻ ലേബലുകൾ ഒട്ടിക്കുക തുടങ്ങിയ പ്രോസസ്സിംഗ് ജോലികളും ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന ജോലികളും ഇതിൽ ഉൾപ്പെടുന്നു. കേടായ പുസ്തകങ്ങളും ആനുകാലികങ്ങളും തിരിച്ചറിഞ്ഞ് ചെറിയ അറ്റകുറ്റപ്പണികൾ നടത്തുകയും ബൈൻഡിംഗിനായി തയ്യാറാക്കുകയും ചെയ്യുന്നതും പ്രധാനമാണ്.ബാർകോഡ് ലേബലുകൾ, RFID ടാഗുകൾ, മാഗ്നറ്റിക് സ്ട്രിപ്പുകൾ എന്നിവ ലൈബ്രറി സാമഗ്രികളിൽ ഒട്ടിക്കുന്ന ജോലിയും ലൈബ്രറി അറ്റൻഡന്റ് ചെയ്യണം. ലൈബ്രേറിയനും മറ്റ് എൽ.ഐ.സി. ജീവനക്കാരും കാലാകാലങ്ങളിൽ ഏൽപ്പിക്കുന്ന മറ്റ് ചുമതലകളും നിർവഹിക്കേണ്ടതാണ്.
അപേക്ഷകർക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിനെക്കുറിച്ചും എം.എസ്. ഓഫീസ് ഉപയോഗിക്കാനും അടിസ്ഥാന അറിവ് അഭികാമ്യമാണ്. അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
മെയ് 14 വൈകുന്നേരം 5:00 മണിക്ക് മുമ്പായി https://iimk.ac.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ പോർട്ടലിൽ നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റ് അനുസരിച്ച് ഫോട്ടോ, സർട്ടിഫിക്കറ്റുകൾ, സി.വി., ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പ്രാരംഭത്തിൽ ആറുമാസത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജോലിയുടെ ആവശ്യകതകളെയും പ്രകടനത്തെയും അടിസ്ഥാനമാക്കി കരാർ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://webapps.iimk.ac.in/jobportal/vacancy_details/eyJpdiI6InJXckJXc0c0NnhWRTlxbWVzZ0F4L3c9PSIsInZhbHVlIjoiMFdNclRvMjhmV1FKMGROYWNJTTY5dz09IiwibWFjIjoiM2I5Mzk0NWRhNDU4M2FjY2JhMWJkMTE5YTU0Y2U3NzBkZTViOTk2MTg1MTVjOTMyZjU3MDYxZDliNTgyZWZjZSIsInRhZyI6IiJ9












Click it and Unblock the Notifications