കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ്; 30,000 രൂപ ശമ്പളം, ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷനുകളിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്.
ബി.കോം, ഡി.സി.എ, ടാലി എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2026 ജനുവരി 1-ന് 40 വയസ്സ് കവിയാൻ പാടില്ല. സർക്കാർ, അർധസർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പദ്ധതികൾ, കുടുംബശ്രീ എന്നിവിടങ്ങളിൽ അക്കൗണ്ടന്റായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രതിമാസം 30,000 രൂപയാണ് വേതനം. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ.ആർ.എൽ.എം. പദ്ധതിയുടെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളിലെ വരവ്-ചെലവ് കണക്കുകൾ കൈകാര്യം ചെയ്യുന്നതായിരിക്കും പ്രധാന ചുമതല.
അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി സമർപ്പിക്കണം. നിയമന നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) വഴിയാണ് നടപ്പാക്കുന്നത്. അപേക്ഷകർ 500 രൂപ പരീക്ഷാഫീസായി അടയ്ക്കണം. പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓൺലൈനായി തന്നെ അടയ്ക്കാവുന്നതാണ്.
സമർപ്പിക്കുന്ന ബയോഡാറ്റകളും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ അപേക്ഷകർ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
അപേക്ഷകൾ www.cmd.kerala.gov.in വെബ്സൈറ്റ് മുഖേന മാത്രമായിരിക്കണമെന്നും കുടുംബശ്രീ ജില്ലാ മിഷനുകളിലോ സംസ്ഥാന മിഷനിലോ നേരിട്ട് നൽകുന്ന അപേക്ഷകൾ പരിഗണിക്കില്ലെ്ന്നും അധികൃതർ അറിയിച്ചു.
റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥി സമയബന്ധിതമായി ജോലിയിൽ പ്രവേശിക്കാത്ത പക്ഷം നിയമനം റദ്ദാക്കുകയും റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഒരു വർഷമായിരിക്കും. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കരാർ നിയമനം ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെയായിരിക്കും. പ്രവർത്തന മികവ് തൃപ്തികരമാണെങ്കിൽ കരാർ പുതുക്കി നൽകും. തസ്തികയിലേക്ക് ആവശ്യപ്പെട്ടിരിക്കുന്ന പ്രവൃത്തിപരിചയം അപേക്ഷ പരിഗണിക്കുന്നതിനുള്ള നിബന്ധന മാത്രമാണെന്നും, പുതിയ തസ്തികയിൽ പ്രവേശിച്ച ശേഷം ആ പ്രവൃത്തിപരിചയം വേതന വർധനവിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 21 വൈകീട്ട് 5 മണി.












Click it and Unblock the Notifications