ലുലു ഗ്രൂപ്പിന്റെ വന്‍ പ്രഖ്യാപനം: പതിനായിരങ്ങള്‍ക്ക് ജോലി നല്‍കും, സൗദിയില്‍ 100 ഹൈപ്പർ മാർക്കറ്റുകള്‍
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിലാണ് ലുലു ഗ്രൂപ്പ്. മേഖലയിലെ എല്ലാ രാഷ്ട്രങ്ങങ്ങളിലും കൂടുതല്‍ മാളുകളും ഹൈപ്പർ മാർക്കറ്റുകളും തുറക്കുന്ന കമ്പനി ഇന്ത്യ, ഈജിപ്ത്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം മികച്ച രീതിയില്‍ വർധിപ്പിച്ച് വരികയാണ്. ഗള്‍ഫ് മേഖലയിലേക്ക് മാത്രം വരുമ്പോള്‍ യു എ ഇയും സൗദിയും മാത്രം കേന്ദ്രീകരിച്ച് വന്‍ പദ്ധതികളാണ് ലുലുവിനുള്ളത്.
സൗദി അറേബ്യയില്‍ സ്വന്തമായി 100 ഹൈപ്പർമാർക്കറ്റ് എന്നതാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് കമ്പനി എം ഡിയും ചെയർമാനുമായ യൂസഫലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രണ്ട് വർഷത്തിനുള്ളില്‍ ഇത് സാധ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പതിനായിരം സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും ഈ ഹൈപ്പർ മാർക്കറ്റുകളിലേക്ക് കേരളത്തില്‍ നിന്ന് അടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്കും അവസരം ലഭിക്കും.

ദിപാവലിയോട് അനുബന്ധിച്ച് സൌദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെ പ്രദർശനോദ്ഘാടനം നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി പിയൂഷ് ഘോയലാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. റിയാദിലെ ലുലു മാളില്‍ നടന്ന പരിപാടിയില്‍ എംഎ യൂസഫ് അലിക്ക് പുറമെ മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
എം എ യൂസഫലി ഇന്ത്യയുടെ റോവിങ് അംബാസിഡറാണെന്ന് കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചു. ഇന്ത്യ - സൌദി വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ലിസ്റ്റിഡ് കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്ന് ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണ്. ഇത് രണ്ടാം തവണയാണ് ഈ ലുലു മാളിലേക്ക് ഞാന്‍ വരുന്നത്. ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നുള്ള ഉത്പന്നങ്ങളുമുണ്ട്. ഇന്ത്യയും സൗദിയും വാണിജ്യപരമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ സൗദിയില്‍ നിർമ്മിക്കുന്ന സാധനങ്ങള്‍ക്കും ലുലു ഗ്രൂപ്പ് മികച്ച പരിഗണന നല്‍കുന്നുവെന്ന് എംഎ യൂസഫലിയും പറഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടക്കമുള്ളവർ മികച്ച പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കുന്നത്. ഇതിന് ഞാന്‍ സൗദി ഭരണത്തോടെ നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവില്‍ ലുലു ഗ്രൂപ്പിന് സൗദി അറേബ്യയില്‍ 65 ഹൈപ്പർ മാർക്കറ്റുകളാണുള്ളത്. ഈ സ്ഥാപനങ്ങളിലായി 3800 ലേറെ സൗദികള്‍ നേരിട്ട് തന്നെ ജോലി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളില്‍ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 100 ആയി ഉയർത്തും. ഇതോടെ പതിനായിരത്തോളം സൗദികള്‍ക്ക് ലുലു ഗ്രൂപ്പ് തൊഴില്‍ അവസരം സൃഷ്ടിക്കും' എംഎ യൂസഫലി പറഞ്ഞു.












Click it and Unblock the Notifications