ലുലു ചെന്നൈയില്‍ പ്രവർത്തനം ആരംഭിക്കുന്നു: ജോലിക്ക് ആളെ വേണം; അപേക്ഷ ക്ഷണിച്ചു
ചെന്നൈ: ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് ചെന്നൈ. മെട്രോയുമായി സഹകരിച്ച് മൂന്ന് ഇടങ്ങളിലാണ് ലുലു ഗ്രൂപ്പ് നഗരത്തില്‍ പുതിയ ഹൈപ്പർ മാർക്കറ്റും മിനി മാളും തുറക്കുന്നത്. ഈ സംരഭങ്ങള്‍ എല്ലാം തന്നെ വലിയ തൊഴില്‍ അവസരങ്ങളും ഉറപ്പ് വരുത്തുന്നു. ഇപ്പോഴിതാ ചെന്നൈയിലെ ഒരു ഒഴിവിലേക്ക് ലുലു ഗ്രൂപ്പ് തന്നെ നേരിട്ട് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
അസിസ്റ്റന്റ് മാനേജർ -എച്ച് ആർ (ജോബ് കോഡ് AMH1) പദവിയിലേക്കാണ് ലുലു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗസ്ഥർക്ക് എം ബി എ യോഗ്യതയും അഞ്ച് വർഷത്തെ എച്ച് ആർ പ്രവർത്തി പരിചയവും ആവശ്യമാണ്. റിക്രൂട്ട്മെന്റ്, പേറോൾ മാനേജ്മെന്റ്, തമിഴ്നാട് ലേബർ നിയമത്തിലുള്ള ആഴമായ അറിവ് എന്നിവയിൽ വൈദഗ്ധ്യം ആവശ്യമാണ്.

അപേക്ഷകർക്ക് തമിഴ് ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കുന്നത് അഭികാമ്യമായിരിക്കും. റീട്ടെയിൽ അല്ലെങ്കിൽ ഹോസ്പിറ്റാലിടി മേഖലയിലെ അനുഭവവും ഒരു അധിക നേട്ടമായി കണക്കാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യൂമുകൾ അയച്ചുകൊണ്ട് അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. അപേക്ഷകർ ജോബ് കോഡയാ AMH1 ഇ-മെയിലിന്റെ സബ്ജക്ട് ലൈനിൽ ഉൾപ്പെടുത്തേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 26.
അതേസമയം, ഷേണായി നഗറിലും സെൻട്രലിലുമായിരിക്കും ആദ്യ ലുലു സ്റ്റോറുകള്‍ പ്രവർത്തനം ആരംഭിക്കുക. പിന്നാലെ വിംകോ നഗറിലേയും സ്ഥാപനം പ്രവർത്തിച്ച് തുടങ്ങും. ഷേണായി നഗറില്‍ മിനി മാളാണ് ലുലു അണിയിച്ചൊരുക്കുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സെന്‍ട്രലിലേയും ഷേണായി നഗറിലേയും ഹൈപ്പർ മാർക്കറ്റുകള്‍ തുറക്കുന്നതിനുള്ള കരാർ ചെന്നൈ മെട്രോ അധികൃതർ നേരത്തെ ലുലു ഗ്രൂപ്പിന് കൈമാറിയിരുന്നു.
ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ ഫുഡ് കോർട്ടുകൾ, ജനപ്രിയ ടെക്സ്റ്റൈൽ ഔട്ട്ലെറ്റുകൾ, മറ്റ് സംരംഭങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് മെട്രോ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഷേണായി നഗർ മെട്രോ സ്റ്റേഷനിൽ 600 പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സിനിപ്ലക്സും. നഗരത്തിലെ മറ്റ് സാധാരണ തിയേറ്ററുകളെപ്പോലെ തന്നെ ഇവിടേയും സിനിമകള്‍ റിലീസ് ചെയ്യും. വലിയ രീതിയിലുള്ള ഇരിപ്പിടങ്ങളും സുഖപ്രദമായ പാർക്കിംഗും ഉള്ളതിനാൽ, നല്ല ജനപങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ചെന്നൈ മെട്രോ അധികൃതർ പറഞ്ഞു.












Click it and Unblock the Notifications