കോഴിക്കോട് ജോലി നോക്കുകയാണോ? ഇതാ അവസരം, 65,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
കാലിക്കറ്റ് എൻഐടിയിൽ ഗവേഷണ, കൺസൾട്ടൻസി ഓഫീസിന് കീഴിൽ പുതിയ ഗവേഷണ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോ (പി.ഡി.എഫ്.), ഒരു ജൂനിയർ റിസർച്ച് ഫെലോ (ജെ.ആർ.എഫ്.), ഓരോ സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻ്റ്, പ്രോജക്ട് അസിസ്റ്റൻ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ആറ് മാസത്തെ കരാർ നിയമനമാണിത്; പ്രകടനവും ഫണ്ട് ലഭ്യതയും അനുസരിച്ച് കരാർ ദീർഘിപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6 ആണ്. ഓൺലൈൻ അഭിമുഖം മെയ് 8 നടക്കും.
എല്ലാ തസ്തികകളിലേക്കും ഉയർന്ന പ്രായപരിധി 35 വയസ്സാണ്. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യാ പശ്ചാത്തലമുള്ള (എയ്‌റോസ്‌പേസ്, മെക്കാനിക്കൽ, സി.എസ്.ഇ., ഐ.ടി., ഇ.സി.ഇ., ഇ.ഇ.ഇ. ബിരുദങ്ങൾ) ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. അടിസ്ഥാന ശമ്പളത്തിനു പുറമെ എല്ലാ തസ്തികകൾക്കും 20% എച്ച്.ആർ.എ. (ഹൗസ് റെൻ്റ് അലവൻസ്) ലഭിക്കും. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻ്റ് തസ്തികയ്ക്ക് പ്രതിമാസം 24,000/- ആണ് ശമ്പളം; ഏതൊരു വിഷയത്തിലെയും ബിരുദമാണ് യോഗ്യത. പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികയിലേക്ക് 27,000/- ആണ് പ്രതിമാസ ശമ്പളം. എഞ്ചിനീയറിംഗ്/ടെക്നോളജിയിൽ ബി.ടെക്/ബി.എസ്.സി അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ റിസർച്ച് ഫെലോ (ജെ.ആർ.എഫ്.) തസ്തികയ്ക്ക് പ്രതിമാസം 37,000/- ശമ്പളം ലഭിക്കും. അടിസ്ഥാന ശാസ്ത്ര വിഷയത്തിലെ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റുകളായ സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് (ലക്ചറർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസർ ഉൾപ്പെടെ) അല്ലെങ്കിൽ ഗേറ്റ് വഴി യോഗ്യത നേടിയ പ്രൊഫഷണൽ കോഴ്സ് ബിരുദധാരികൾ എന്നിവയാണ് യോഗ്യത.
കൂടാതെ, ഡി.എസ്.ടി., ഡി.ബി.ടി., ഡി.എ.ഇ., ഡി.ആർ.ഡി.ഒ. പോലുള്ള കേന്ദ്ര സർക്കാർ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന ദേശീയതല പരീക്ഷകൾ വഴി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫഷണൽ ബിരുദധാരികൾക്കും ജെ.ആർ.എഫ്. തസ്തികയിലേക്ക് അപേക്ഷിക്കാം.
പോസ്റ്റ് ഡോക്ടറൽ ഫെലോ (പി.ഡി.എഫ്.) തസ്തികയ്ക്ക് പ്രതിമാസം 65,000/- ആണ് ശമ്പളം. എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലോ, ഇന്റർ ഡിസിപ്ലിനറി മേഖലകളിലോ പി.എച്ച്.ഡി. തിസീസ് സമർപ്പിച്ചവരോ, പി.എച്ച്.ഡി. ബിരുദം നേടിയവരോ ആയവർക്ക് അപേക്ഷിക്കാം. തിസീസ് സമർപ്പിച്ചവർക്ക്, ബിരുദം ലഭിക്കാത്ത പക്ഷം, എസ്.ആർ.എഫ്. തസ്തികയുടെ കുറഞ്ഞ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/imgserver/uploads/attachments/Ed__e2fa10c7-64fe-4c26-bc1a-98533429cb75_.pdf












Click it and Unblock the Notifications