'ന്യൂസിലാന്റില്‍ ജോലി, ലക്ഷങ്ങള്‍ ശമ്പളം': എല്ലാം തട്ടിപ്പാണ്, മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ന്യൂസിലാന്റിലേയ്ക്ക് അനധികൃത നഴ്സിംങ് റിക്രൂട്ട്മെന്റ് നടക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.കമ്പെറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും (CAP) നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്റിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.
CAP-ൽ പങ്കെടുക്കാൻ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകൾ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. (CAP) പൂർത്തിയാക്കിയിട്ടും നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ഉണ്ടായിരുന്ന നഴ്സിംഗ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ന്യൂസിലാന്റിലെ നഴ്സിങ് മേഖലയിലെ വീസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.
റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected], [email protected] എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ IELTS, OET ഓഫ്‌ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്.
മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്‌ലൈൻ കോഴ്സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓൺലൈൻ-04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ).
മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications