ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷനിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിലാണ് നിയമനം. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും K S R Part I Rule 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന നവംബർ 30 വൈകിട്ട് 5നകം അപേക്ഷിക്കണം. വിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ , റ്റി. സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം , തിരുവനന്തപുരം - 695010 . ഫോൺ: 0471-2720977.
അധ്യാപക ഒഴിവ്
സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിൽ അദ്ധ്യാപകരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എം - ഡി ഇ എസ് ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ 18ന് മൂന്ന് മണിക്കകം പ്രിൻസിപ്പൽ, കെഎസ്‌ഐഡി, ചന്ദനത്തോപ്പ് , കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കണം .

ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിൽ രണ്ട് അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും. യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
കൂടിക്കാഴ്ച റദ്ദാക്കി
ഗുരുവായൂർ ദേവസ്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത് റദ്ദാക്കി. നവംബർ 9ന് നടത്താനിരുന്ന അഭിമുഖമാണ് റദ്ദാക്കിയത്. പ്രസ്തുത തസ്തികയിലേക്കുള്ള നിയമന നടപടികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ നിന്ന് ആരംഭിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം നിർത്തി വെച്ചത്.












Click it and Unblock the Notifications