റെയില്‍വേയില്‍ ജോലി ഒഴിവ് എന്ന വിജ്ഞാപനം വ്യാജമെന്ന് പിഐബി; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
ഇന്ത്യന്‍ റെയില്‍വേ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു എന്ന പരസ്യം വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇത്തരത്തില്‍ ഒരു വിജ്ഞാപനവും റെയില്‍വേ പുറപ്പെടുവിച്ചിട്ടില്ല എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം തട്ടിപ്പില്‍ വീഴരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
'റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ നിയമനം സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ പേരില്‍ പുറപ്പെടുവിച്ച ഒരു വ്യാജ അറിയിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. റെയില്‍വേ മന്ത്രാലയം ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല. നിങ്ങളുടെ സ്വകാര്യ/സാമ്പത്തിക വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്,'' എന്നാണ് പി ഐ ബി ഫാക്ട് ചെക്ക് എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി റെയില്‍വേയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു എന്ന പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 4660 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത് എന്നും സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 452 ഒഴിവുകളും കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 4208 ഒഴിവുകളും ഉണ്ട് എന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് 21 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 18 നും 28 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയവരായിരിക്കണം. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത് എന്നും വിജ്ഞാപനത്തില്‍ ഉണ്ട്.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്നതാണ് വിജ്ഞാപനം. റെയില്‍വേയും ലോഗോയും വിജ്ഞാപനങ്ങളുടെ നമ്പറും ഇതില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ആര്‍ആര്‍ബി വെബ്‌സൈറ്റില്‍ ഒന്നും ഇത്തരമൊരു റിക്രൂട്ട്‌മെന്റിന്റെ വിശദാംശങ്ങളില്ല. പല മാധ്യമങ്ങളും ഈ വിജ്ഞാപനം കണ്ട് യഥാര്‍ത്ഥമാണ് എന്ന് കരുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications