ഖത്തർ എയർവേഴ്സ് വിളിക്കുന്നു: കൊച്ചിയില്‍ ഉള്‍പ്പടെ ഒഴിവുകള്‍, മികച്ച ശമ്പളം, യോഗ്യത അറിയാം
ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന പേരായിരിക്കും ഖത്തർ എയർവേഴ്സിന്റേത്. ഇരുന്നൂറിലേറെ വിമാനങ്ങളുമായി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സർവ്വീസ് നടത്തുന്ന ഖത്തർ എയർവേഴ്സിന് കീഴിലായി 43000 ജീവനക്കാർ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.
2022 ലെ ഫിഫ വേള്‍ഡ് കപ്പിന് മുന്നോടിയായി ഖത്തറിലുടനീളം എന്നപോലെ ഖത്തർ എയവേഴ്സിലും വലിയ തോതില്‍ നിയമനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതിന് ശേഷം സ്ഥാപനം പൊതുവെ പുതിയ നിമയനങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ കൊച്ചിയിലുള്‍പ്പടെ നിരവധി ഒഴിവുകളാണ് ഖത്തർ എയർവേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ ഖത്തർ എയർവേഴ്സിന്റെ ഗ്രൗണ്ട് സർവീസ് വിഭാഗത്തില്‍ എയർപോർട്ട് സർവീസസ് ഡ്യൂട്ടി സൂപ്പർവൈസർ ഒഴിവിലേക്കാണ് ജീവനക്കാരെ ക്ഷണിച്ചിരിക്കുന്നത്. വിമാനം വൈകുന്നത്, ബോർഡിങ് റദ്ദാവുന്നത്, തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യലായിരിക്കും ഈ ജോലിയുടെ പ്രധാന ചുമതലയെന്നാണ് ഖത്തർ എയർവേഴ്സ് വ്യക്തമാക്കുന്നത്.
ആവശ്യമുള്ളപ്പോൾ എയർപോർട്ട് സർവീസസ് മാനേജറെ സഹായിക്കേണ്ടതും സർവീസസ് ഡ്യൂട്ടി സൂപ്പർവൈസറുടെ ചുമതലയായിരിക്കും. വിമാനം കൃത്യസമയത്ത് പുറപ്പെടുന്നതിന് വേണ്ടി ചുമതലപ്പെട്ട എല്ലാ എയർപോർട്ട് ജീവനക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. കൃത്യസമയത്ത് ബോർഡിങ് പൂർത്തീകരിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ക്കും സർവീസസ് ഡ്യൂട്ടി സൂപ്പർവൈസർ മേല്‍നോട്ടം വഹിക്കേണ്ടി വരും.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ഈ ജോലിയുടെ യോഗ്യത. ഏതെങ്കിലും ഒരു എയർലൈനിൽ മേല്‍പ്പറഞ്ഞ ഒഴിവില്‍ പ്രവർത്തിപരിചയമുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, റാമ്പ് കൈകാര്യം ചെയ്യൽ, അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി ഖത്തർ എയർവേഴ്സ് എടുത്ത് പറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സുരക്ഷ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് മികച്ച ധാരണയോടൊപ്പം യാത്രാ സേവനങ്ങൾ, ബാഗേജ് സേവനങ്ങൾ, ഗ്രൗണ്ട് ഓപ്പറേഷൻസ് എന്നിവയിലുള്ള അറിവും അധിക യോഗ്യതകളായിരിക്കും. ഈ റോളിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കുകയും വേണം.

കൊച്ചിക്ക് പുറമെ ബാംഗ്ലൂർ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഖത്തർ എയർവേഴ്സ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയർവേയ്‌സ് കോൺടാക്‌റ്റ് സെന്ററിൽ കസ്റ്റമർ സർവീസസ് ഏജന്റ് വിഭാഗത്തിലേക്കാണ് അഹമ്മദാബാദിലെ നിയമനം. ഫോണിലൂടെ ഖത്തർ എയർവേയ്‌സ് ഉപഭോക്താക്കൾക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയെന്നതാണ് ഈ ജോലിയുടെ പ്രധാന ചുമതല.
ബാംഗ്ലൂരിലും മുംബൈയിലും കാർഗോ ഓപ്പറേഷൻസ് സൂപ്പർവൈസർ ഒഴിവിലേക്കാണ് നിയമനം. ഈ ഒഴിവുകളിലേക്കെല്ലാം ഖത്തർ എയർവേഴ്സിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മികച്ച ശമ്പളത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നുള്ളതാണ് ഖത്തർ എയർവേഴ്സിലെ ജോലിയുടെ പ്രത്യകത.












Click it and Unblock the Notifications