ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; RBI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്
ബാങ്കിംഗ് മേഖലയിൽ ഉന്നത ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയൊരു അവസരമൊരുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തങ്ങളുടെ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള 2026-ലെ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. രാജ്യത്തെ വിവിധ സർക്കിളുകളിലായി ആകെ 650 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ബാങ്കിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഫെബ്രുവരി 16 മുതൽ മാർച്ച് 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഏപ്രിലിൽ പ്രിലിമിനറി പരീക്ഷയും ജൂണിൽ മെയിൻ പരീക്ഷയും നടത്താനാണ് നിലവിൽ ആർബിഐ തീരുമാനിച്ചിരിക്കുന്നത്. തൊഴിലന്വേഷകർക്ക് സ്ഥിരതയുള്ള കരിയറും മികച്ച ശമ്പള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ഈ റിക്രൂട്ട്‌മെന്റ്.
യോഗ്യത
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ടവർക്ക് ബിരുദ പരീക്ഷയിൽ പാസ് മാർക്ക് മാത്രം മതിയാകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ, കമ്പ്യൂട്ടറിൽ പ്രാഥമിക അറിവും (Word Processing) ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭ്യമാകും. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ മലയാളം ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം (LPT) തെളിയിക്കേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ
പ്രധാനമായും രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് എന്നീ വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളുണ്ടാകും. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാൻ സാധിക്കും. മെയിൻ പരീക്ഷയിൽ പൊതുവിജ്ഞാനവും കമ്പ്യൂട്ടർ അറിവും ഉൾപ്പെടെ 200 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. ഈ രണ്ട് ഘട്ടങ്ങളിലും തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ബാധകമാണ്. പരീക്ഷകൾക്ക് ശേഷം മെറിറ്റ് ലിസ്റ്റിൽ വരുന്നവർക്ക് തങ്ങളുടെ പ്രാദേശിക ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT) കൂടി കടന്നുകൂടിയാൽ ജോലി ഉറപ്പാക്കാം.
റിസർവ് ബാങ്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പള പാക്കേജാണ് ലഭിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ഏകദേശം 45,050 രൂപയോളം പ്രതിമാസം ആരംഭത്തിൽ ലഭിക്കും. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rbi.org.in വഴി മാർച്ച് 8-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 450 രൂപയും SC\ST വിഭാഗക്കാർക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. വളരെ മത്സരം നേരിടുന്ന ഒരു പരീക്ഷയായതിനാൽ കൃത്യമായ പ്ലാനിംഗോടെയുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കുന്നത് വിജയസാധ്യത വർദ്ധിപ്പിക്കും.












Click it and Unblock the Notifications