മണിക്കൂറില്‍ 1000 രൂപ ശമ്പളം; എംബിബിഎസ് യോഗ്യതയുണ്ടോ? റിസര്‍വ് ബാങ്കില്‍ അവസരം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് (എംസി) തസ്തികയിലേക്ക് യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ തേടുന്നു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കൂ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 1000 രൂപ ശമ്പളം നല്‍കും. കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് ചിലവിനായി പ്രതിമാസം 1,000 രൂപ അധികം അനുവദിക്കും. അലോപ്പതി മെഡിസിന്‍ സമ്പ്രദായത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ആര്‍ബിഐയുടെ ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യാന്‍ നിയോഗിക്കും.

യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം റീജിയണല്‍ ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, റിക്രൂട്ട്മെന്റ് വിഭാഗം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കൊല്‍ക്കത്ത റീജിയണല്‍ ഓഫീസ്, 15, നേതാജി സുഭാഷ് റോഡ്, കൊല്‍ക്കത്ത- 700001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഏപ്രില്‍ 16 ആണ് അവസാന തിയതി.
നിശ്ചിത തീയതിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ല. ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ മെഡിക്കല്‍ പ്രാക്ടീഷണറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.












Click it and Unblock the Notifications