സിന്ദാല തുറന്ന് സൗദി അറേബ്യ: ആഡംബരത്തിന് മറുവാക്കില്ല, 3500 ലേറെ തൊഴിലവസരങ്ങൾ
റിയാദ്: സ്വപ്നപദ്ധതിയായ നിയോമിന്റെ ഒരോ ഘട്ടങ്ങള്‍ സൗദി അറേബ്യ പൂർത്തീകരിച്ച് വരികയാണ്. ഇപ്പോഴിതാ ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. നിയോം ഡയറക്ടർ ബോർഡാണ് സിന്ദാല ദ്വീപ് തുറന്നതായി അറിയിച്ചത്. പദ്ധതി യാഥാർത്ഥ്യമായതോടെ യൂറോപ്പില്‍ നിന്ന് അടക്കമുള്ള നിരവധി സഞ്ചാരികള്‍ ദ്വീപിലേക്ക് എത്തുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.
നിയോമിന്റെ ഭാഗമായി 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയാണ് സിന്ദാല. ഏകദേശം മൂന്ന് വർഷമെടുത്ത് തന്നെ ദ്വീപിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. നാല് പ്രാദേശിക കരാർ കമ്പനികള്‍ക്കും 60 വരെ സബ് കോൺട്രാക്ടർമാർക്കും കീഴിലായി 30000 ത്തോളം തൊഴിലാളികാണ് സിന്ദാലയുടെ നിർമ്മാണത്തിന് പിന്നില്‍ പ്രവർത്തിച്ചത്.

"സൗദി വിഷൻ 2030 ന് കീഴിൽ രാജ്യത്തിൻ്റെ ടൂറിസം അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്. പുതിയതും ആവേശകരവുമായ ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യാനും നേടിയെടുക്കാനുമുള്ള നിയോമിന്റെ കഴിവ് ഇതിലൂടെ വീണ്ടും സ്ഥിരീകരിക്കുന്നു," എന്നാണ് സിന്ദാലയുടെ അനാച്ഛാദനം നിർവ്വഹിച്ചതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ നിയോം അറിയിച്ചത്.
ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന 840000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സിന്ദാല ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിയോമിന്റെ ഗേറ്റ്‌വേ ആയി സിന്ദാല മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെഡിറ്ററേനിയൻ തീരങ്ങളില്‍ നിന്ന് യൂറോപ്യൻ യാട്ട് ഉടമകള്‍ക്ക് ഇതുവഴി എളുപ്പത്തില്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രവേശിക്കാം. സൗദി, ജി സി സി യാട്ട് ഉടമകൾക്കും സിന്ദാല പുതിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യും.
2028-ഓടെ പ്രതിദിനം 2400 അതിഥികളെ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് സിന്ദാല നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ ഹോസ്പിറ്റാലിറ്റി, ടൂറിസം വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ 3500 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. യാട്ട് ക്ലബ്ബിന് പുറമെ 440 മുറികൾ, 88 വില്ലകൾ, 218 ആഡംബര സർവീസ് അപ്പാർട്ട്‌മെൻ്റുകൾ എന്നിവയായാണ് താമസസൗകര്യത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ബുക്കിങ് വഴിയാരിക്കും ദ്വീപ് സന്ദർശിക്കാന്‍ സാധിക്കുക. ഇത് സംബന്ധിച്ച ബുക്കിങ് വിവരങ്ങള്‍ നിയോമിന്റെ ടൂറിസം മേഖല ചാനലുകള്‍ വഴി ഉടന്‍ തന്നെ ലഭ്യമാക്കും. സിന്ദാല പ്രവർത്തന ക്ഷമമാകുന്നതോടെ രാജ്യത്തിന്റെ പുതിയ ആഡംബര ടൂറിസത്തെ പിന്തുണയ്ക്കാൻ നിയോം പ്രതിജ്ഞാബദ്ധമാണെന്നാണ് നിയാം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നദ്മി അൽ-നസ്ർ അഭിപ്രായപ്പെട്ടത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും സൗദി വിഷൻ 2030ന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ സാക്ഷ്യമാണ് സിന്ദാലയുടെ സാക്ഷാത്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications