സൗദിയില്‍ ജോലി വേണോ? അതും ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും, ഇതാ സുവർണ്ണാവസരം
റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളാണ് മക്കയും മദീനയും. ജീവിതത്തില്‍ ഒരിക്കലെങ്കിലും പുണ്യ നഗരങ്ങളിലേക്ക് പോകുക, ഹജ്ജും ഉറയും നിർവ്വഹിക്കുക എന്നുള്ളത് ഒരോ വിശ്വാസിയുടേയും അടങ്ങാത്ത ആഗ്രഹവും സ്വപ്നവുമാണ്. ഇപ്പോഴിതാ ഈ പുണ്യനഗരങ്ങളില്‍ പോയി ഹജ്ജും ഉറയും നിർവ്വഹിക്കാന്‍ മാത്രമല്ല, അവിടെ ജോലി ചെയ്യാനുമുള്ള സുവർണ്ണാവസരം വന്നിരിക്കുകയാണ്.
ഒരോ ഹജ്ജ് സീസണിലും തീർത്ഥാടകരെ സഹായിക്കാനായി മേഖലിയിലെ വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലിക ജീവനക്കാരെ കൂടുതലായി നിയമിക്കാറുണ്ട്. അത്തരത്തില്‍ ഇത്തവണയും ഹജ്ജ് സീസണ്‍ മുന്നോടിയായി താല്‍ക്കാലിക ജീവനക്കാരെ ക്ഷണിച്ചിരിക്കുകയാണ് സൗദി അറേബ്യ. സ്വദേശികള്‍ക്ക് പുറമേ വിദേശികള്‍ക്കൂം ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും.

സൗദി അറേബ്യയുടെ കിംഗ്ഡം ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് വിഭാഗമാണ് താല്‍ക്കാലിക ജോലിക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹജ് കാലയളവിൽ സീസണൽ കരാറുകളിലൂടെ ഒരു താൽക്കാലിക തൊഴിലാളികളെ നിയമിക്കാൻ ബിസിനസ്സുകളെ പ്രാപ്തമാക്കുന്ന അജീർ അൽ-ഹജ് സേവനത്തിന് കീഴിലാണ് നിയമനം.
ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പൗരന്മാരോടും പ്രവാസികളോടും അവരുടെ ബയോഡാറ്റ അജീർ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലായിരിക്കും നിയമനം. തീർത്ഥാടകർക്ക് ഹജ് തീർഥാടനം ഏറ്റവും സുഗമമായി നടത്തുക എന്നതായിരിക്കും നിയമിക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്തം.
സ്വദേശിയായ അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. പ്രവാസി അപേക്ഷകർ പ്രാഥമിക തൊഴിലുടമയുടെ അംഗീകാരത്തോടെ തൊഴിൽ വിപണി സ്ഥാപനങ്ങളിലൊന്നിൽ ജോലി ചെയ്യുന്നവരായിരിക്കണം. സ്ഥാപനങ്ങൾ ജീവനക്കാർക്ക് സീസണൽ ഹജ് പെർമിറ്റുകൾ നൽകേണ്ടത് അത്യാവശ്യമാണ്. നിയമം പാലിക്കാത്തവർക്ക് കർശനമായ പിഴ ചുമത്തും.
അജീർ അൽ-ഹജ് സേവനം വഴി വ്യാപാരികള്‍ക്ക് വർക്ക് പെർമിറ്റ് നൽകാനും താൽക്കാലിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും ഹജ്ജ് സീസണിലെ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താനും സാധിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിലന്വേഷകർക്ക് നേരിട്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം കഴിഞ്ഞ ദിവസം മദീനയിലെത്തി. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്നലെ പുലർച്ചെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു.












Click it and Unblock the Notifications