സൗദി അറേബ്യയില്‍ സർക്കാർ ജോലി: ഒരു ലക്ഷത്തിനടുത്ത് ശമ്പളം: വിസയും ടിക്കറ്റും താമസവും സൗജന്യം
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വീണ്ടും സൗദി അറേബ്യയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ബി എസ് സി നഴ്സിങ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷകർക്ക് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. പി ബി ബി എന്‍ / ബി എസ് സി നഴ്സിങ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന രേഖകൾ സഹിതം 2025 ഫെബ്രുവരി 10-നോ അതിനുമുമ്പോ [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കണം. മെയിലിന്റെ സബ്ജക്ട് വിഭാഗത്തില്‍ "Female Nurses to MOH-KSA" എന്ന് രേഖപ്പെടുത്തണം. ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വെള്ള പശ്ചാത്തലത്തിൽ), 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, ആധാർ പകർപ്പുമാണ് മെയിലിനൊപ്പം വെക്കേണ്ടത്.

2 വർഷത്തെ പ്രവർത്തിപരിചയത്തിനിടയില്‍ ആറ് മാസത്തില്‍ കൂടുതലുള്ള ഇടവേള ഉണ്ടാകാന്‍ പാടില്ല. ബേണ്‍ ഐ സി യു, ഡയാലിസിസ്, ഇ ആർ, മുതിർന്നവർക്കുള്ള ഐ സിയു, എൻ ഐ സിയു, ഓങ്കോളജി, ഒ ആർ, പി ഐ സിയു, റിക്കവറി എന്നീ വിഭാഗങ്ങളിലായിരിക്കണം തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവർത്തിക്കേണ്ടി വരിക. അപേക്ഷകരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4110 സൗദി റിയാല്‍ സാലറിയും എക്സ്പീരിയന്‍സ് അലവന്‍സും ലഭിക്കും. ഇതിന് പുറമെ താമസ സൗകര്യം, വിസ, ടിക്കറ്റ് എന്നിവ തൊഴിലുടമ നൽകുന്നതായാരിക്കും. വിജ്ഞാപനത്തെക്കുറിച്ച് വിശദമായി അറിയാന്‍ ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക,
അതേസമയം, പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ജനുവരി 29 ന് പൂര്‍ത്തിയാകും. ജനുവരി 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍ 18 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജര്‍മ്മനിയിലെ ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ കോട്ട്‌ബുസിലുളള മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍ തീമിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. യൂണിവേഴ്സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ (Katrin Pischon), ഇന്റഗ്രേഷൻ ഓഫിസർ, നഴ്സിംഗ് അങ്കെ വെൻസ്കെ (Anke Wenske), ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ (Bundesagentur für Arbeit) ഭാഗമായ സെൻട്രൽ ഫോറിന്‍ ആൻഡ് സ്പെഷലൈസ്ഡ് പ്ലേസ്മെന്റ് സർവീസ് (Zentrale Auslands- und Fachvermittlung-ZAV) പ്രതിനിധി മാർക്കസ് മത്തേസൻ (Markus Matthessen) എന്നിവര്‍ അഭിമുഖങ്ങള്‍ക്കു നേതൃത്വം നല്‍കി.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുളള ജര്‍മ്മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായ (ഗോയ്‌ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അപേക്ഷിക്കാന്‍ അവസരം. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications