സൗദിയുടെ കടുത്ത നടപടി; ഈ 269 തൊഴിലുകളിൽ സ്വദേശിവത്കരണം, മലയാളികൾക്കടക്കം കനത്ത തിരിച്ചടി
റിയാദ്: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരങ്ങി സൗദി അറേബ്യ. അക്കൗണ്ടിങ്, ഫാർമസി, ദന്തചികിത്സ, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ആരോഗ്യ-വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവനകാര്യ മന്ത്രാലയും എന്നിവയുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക.
ആരോഗ്യമന്ത്രാലയുമായി സഹകരിച്ച് ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളുമായി ബന്ധപ്പെട്ട ഫാർമസി പ്രവർത്തനങ്ങളിൽ 65 ശതമാനവും സൗദിവത്കരണം നിർബന്ധമാക്കും. തീരുമാനം ജുലൈ 27 മുതൽ പ്രാബല്യത്തിൽ വരും. അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും തീരുമാനം ബാധകമാകുക.

ദന്തചികിത്സാ മേഖലയിലെ സൗദിവൽക്കരണം രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 45 ഉം രണ്ടാം ഘട്ടത്തിൽ 65 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പാക്കുക. ജുലൈ 27 മുതൽ പ്രാബല്യത്തിൽ വരും. ഇതുകഴിഞ്ഞ് 12 മാസങ്ങൾക്ക് ശേഷമായിരിക്കും രണ്ടാം ഘട്ടം നടപ്പാക്കുക. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമാകും. കൂടാതെ ദന്തചികിത്സയുടെ ഏറ്റവും കുറഞ്ഞ വേതനം 9,000 റിയാലായി നിജപ്പെടുത്തും.
അക്കൗണ്ടിംഗ് മേഖലയിൽ അഞ്ച് ഘട്ടങ്ങളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. ഒക്ടോബർ 27 മുതൽ ആദ്യഘട്ടം തുടങ്ങും. അക്കൗണ്ടിംഗ് പ്രൊഫഷനുകളിൽ അഞ്ചോ അതിലധികമോ പേരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമം ആദ്യഘട്ടത്തിൽ ബാധകമാകും. ആദ്യം 40 ശതമാനവും പിന്നീട് 70 ശതമാവുമായി ഇത് ഉയർത്തും.
മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനിയറിങ് മേഖലയിൽ സാങ്കേതിക തൊഴിലുകളിൽ സ്വകാര്യവത്കരണം നിർബന്ധമാക്കുക. അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ജുലൈ 23 മുതൽ സ്വദേശിവത്കരണം 30 ശതമാനമായി ഉയർത്തും. സ്വദേശവത്കരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ എംഎച്ച്ആർഎസ്ഡി തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണം പ്രാദേശികവൽക്കരണം കണക്കാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും നിയമലംഘകർക്കെതിരായ പിഴ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
സമീപ വർഷങ്ങളിൽ സൗദി അറേബ്യ വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, ഹോൾസെയിൽ മാനേജർ, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം എക്യുപ്‌മെൻ്റ് സ്‌പെഷ്യലിസ്റ്റ്, സെയിൽസ് ഏജന്റ് തുടങ്ങിയ മേഖലകളിൽ നേരത്തേ തന്നെ സൗദി സ്വദേശവത്കരണം നടപ്പാക്കിയിരുന്നു.












Click it and Unblock the Notifications