സൗദി അറേബ്യയില്‍ ഇനി ജോലി അന്വേഷിക്കേണ്ടത് ഈ മേഖലയില്‍: 450000 തൊഴിലവസരങ്ങൾ, 5 വർഷം മാത്രം
സൗദി അറേബ്യയെ സംബന്ധിച്ച് ഒരു കാലത്ത് യാതൊരുവിധ പുരോഗതിയും വികസനവുമില്ലാതിരുന്ന മേഖലയായാണ് വിനോദം. കർശനായ മതചിട്ടകള്‍ പുലർത്തിയിരുന്ന രാജ്യത്ത് വിനോദ മേഖലയില്‍ വലിയ നിയന്ത്രണങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വിനോദം ഉള്‍പ്പെടേയുള്ള സകല മേഖലകളിലും വലിയ മാറ്റങ്ങള്‍ക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ വിനോദ മേഖലയില്‍ വലിയ തൊഴില്‍ അവസരങ്ങളും തുറന്നിരിക്കുകയാണ്.
സൗദി അറേബ്യയുടെ വിനോദ മേഖല 2030 ഓടെ 450000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് നിക്ഷേപ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 4.2 ശതമാനം സംഭാവനയും വിനോദ മേഖലയില്‍ നിന്നായിരിക്കും. വിനോദ മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1 ബില്യൺ സൗദി റിയാല്‍ മൊത്തം വരുമാനമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.

ഈ മേഖലയിൽ ലൈസൻസുകളുടെ എണ്ണം 2189 ആയും പെർമിറ്റുകളുടെ എണ്ണം 1809 ആയും വർധിച്ചു. ഇതോടൊപ്പം തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, സൗദി അറേബ്യയുടെ വിനോദ മേഖല 2500 പുതിയ ബിസിനസ്സുകളെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്തു. സൗദി വിഷൻ 2030 ന് അനുസൃതമായി, സന്ദർശകരെ ആകർഷിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ടൂറിസവും സൗദി സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ജീവിത നിലവാരം ഉയർത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നു.
വിഷൻ 2030-ൻ്റെ ഭാഗമായി 2018-ൽ ആരംഭിച്ച ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം ആഗോള വിനോദ പരിപാടികൾ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്ന് വിനോദ മേഖലയെ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും നിക്ഷേപ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. വിനോദ, വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിലും വൈവിധ്യമാർന്ന വിനോദ ഉപാധികളും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2030-ഓടെ, 72 ശതമാനം ആഗോള ബ്രാൻഡുകളെ രാജ്യത്തേക്ക് ആകർഷിക്കാനും വിനോദ സ്ഥലങ്ങളുടെ എണ്ണം 613 ആക്കി ഉയർത്താനും വിനോദത്തിനുള്ള ഒരു കുടുംബത്തിന്റെ ചെലവ് 6 ശതമാനം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സൗദി സെൻട്രൽ ബാങ്ക് (SAMA) പറയുന്നതിന് അനുസരിച്ച്, 2019 മുതൽ 2023 വരെയുള്ള കാലയളവിൽ വിനോദ, സാംസ്കാരിക മേഖലകൾക്കുള്ള ചെലവ് 2023 ൽ നിന്നും 15 ബില്യൺ റിയാലായി ഉയർത്തുകയും ചെയ്തു. 2019 ലെ 11.2 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 33.1 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.
2023ൽ വിനോദ മേഖലയിലൂടെ രാജ്യത്തേക്ക് വന്ന ടൂറിസ്റ്റുകളുടെ എണ്ണം 6.2 ദശലക്ഷമായി ഉയർന്നതും ശുഭകരമായ സൂചനയായി രാജ്യം കാണുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 153.3 ശതമാനം വർധന. കൂടാതെ, വിനോദമേഖലയിലെ ഇൻബൗണ്ട് ടൂറിസ്റ്റ് ചെലവ് 2021-ൽ 550 മില്യൺ സൗദി റിയാലായിരുന്നത് ഏകദേശം 4 ബില്യൺ സൗദി റിയാലായും ഉയർന്നു.












Click it and Unblock the Notifications