സൗദിയിൽ 20,000ത്തോളം തൊഴിൽ അവസരങ്ങൾ ഒരുങ്ങുന്നു; വീണ്ടും ഞെട്ടിച്ച് നിയോം,ഡെൻമാർക്ക് കമ്പനിയുമായി കരാർ
റിയാദ്: പുതിയ ലോജിസ്റ്റിക് സംരംഭം ആരംഭിക്കുന്നതിനിയായി ഡെൻമാർക്കിലെ ഡിഎസ്‌വിയുമായി കരാർ ഒപ്പിട്ട് നിയോം. 10 ബില്ല്യൺ ഡോളറിന്റെ കരാറാണ് നിയോം പ്രഖ്യാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ നിയോമിന് ലോജിസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിയോമിനുള്ളിലെ ചരക്ക് നീക്കങ്ങൾ, വികസനം, ഗതാഗതം, ലോജിസ്റ്റിക് ആസ്തികൾ, അടിസ്ഥാന സൗകര്യങ്ങൾ, എൻഡ്-ടു-എൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,നിക്ഷേപങ്ങൾ എന്നിവയായിരിക്കും കരാറിന് കീഴിൽ നടപ്പാക്കുക. സംയുക്ത സംരംഭത്തിന്റെ 51 ശതമാനം നിയോമും ബാക്കി 49 ശതമാനം ഡിഎസ്‌വിയും വഹിക്കും. സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയ ഉത്തേജനമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പദ്ധതിയിലൂടെ 20,000-ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

നിയോമിന്റെ കാഴ്ചപ്പാട് മാത്രമല്ല ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാനുള്ള സ്വകാര്യ മേഖലയുടെ ആത്മവിശ്വാസവും വർധിപ്പിക്കുന്നതാണ് കരാറെന്ന് നിയോം സിഇഒ നദ്മി അൽ-നാസർ പറഞ്ഞു. നിർമ്മാണ നിർമ്മാണ ഇതര മേഖലകളിലെ ലോജിസ്റ്റിക്സിലെ നിലവിലെ ആവശ്യകത നിയോമിനെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാക്കും. ലോകത്തിലെ മുൻനിര ലോജിസ്റ്റിക് കമ്പനികളിൽ ഒന്നായ ഡിഎസ്‌വിയുമായുള്ള സംയുക്ത സംരംഭം ലോജിസ്റ്റിക് ശൃംഖലയിലെ നവീകരണവും സുസ്ഥിരതയും എങ്ങനെ വർധിപ്പിക്കാമെന്നത് സംബന്ധിച്ച് വൈദഗ്ദ്യവും അറിവും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മാത്രമല്ല പ്രാദേശിക-ആഗോള മാർക്കറ്റിൽ വിപണി കീഴടക്കാനും ഇത് സഹായിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ മികച്ച സാമ്പദ് വ്യവസ്ഥ കെട്ടിപടിക്കുന്നതിനുമുള്ള സൗദിയുടെ വിഷൻ 2030 യുടെ ഉത്തമമായ ഉദാഹരണം കൂടിയാണിത്', അദ്ദേഹം പറഞ്ഞു.
'ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ പദ്ധതികളിൽ ഒന്നാണ് നിയോം. ഇന്നൊവേഷൻ, ടെക്നോളജി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയിൽ മുൻനിരയിലുള്ള വികസന പദ്ധതിയെ പിന്തുണയ്ക്കാൻ DSV-ക്ക് അവസരം നൽകുന്നതാണ് കരാർ',ഗ്രപ്പ് സിഇഒ ജെൻസ് ഡോൺ ആൻഡേഴ്സൺ പറഞ്ഞു.
'സൗദി അറേബ്യയിൽ ഡിഎസ്‌വിക്ക് ഇതിനകം തന്നെ ശക്തമായ സാന്നിധ്യമുണ്ട്, കരാർ ഈ മേഖലയിൽ ഞങ്ങൾക്ക് ഗണ്യമായ വളർച്ചാ അവസരമാണ്, കൂടാതെ നിയോം കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാനും ഞങ്ങളുടെ ലോജിസ്റ്റിക് കഴിവുകൾ മികച്ച രീതിയിൽ അവതരിപ്പിക്കാനും കരാർ സഹായിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന പദ്ധതിയാണ് നിയോം.സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കുന്ന ഹൈടെക് നഗരം 500 ബില്യൺ ഡോളർ ചെലവിട്ടാണ് തയ്യാറാക്കുന്നത്.












Click it and Unblock the Notifications