സൗദിയിൽ സർക്കാർ വകുപ്പിൽ തൊഴിൽ നേടാൻ സുവർണാവസരം; പ്രവൃത്തി പരിചയം വേണ്ട, ടിക്കറ്റും താമസവുമെല്ലാം സൗജന്യം
റിയാദ്: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ (MoH) വിവിധ സ്പെഷ്യലിറ്റികളിലേയ്ക്കുളള ഡോക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച മാസ്റ്റേഴ്സ് ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത . പ്രവൃത്തി പരിചയം ആവശ്യമില്ലെന്നതാണ് പ്രധാന ആകർഷണം
കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ്. അനസ്തേഷ്യ/ കാർഡിയാക് സർജറി/ കാർഡിയോത്തോറാക്സ് / എമർജൻസി മെഡിസിൻ/ ജെറിയാട്രിക്സ് / ഐ സി യു / മൈക്രോ സർജറി /നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (എൻ ഐ സി യു) / ന്യൂറോളജി/ ന്യൂറോ സർജറി / പ്ലാസ്റ്റിക് സർജറി / നെഫ്രോളജി /സർജിക്കൽ ഓങ്കോളജി/ യൂറോളജി എന്നീ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ ( ജെ പി ജെ ഫോർമാറ്റ്) എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് 2023 നവംബർ 30 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പുതിയ റിക്രൂട്ട്മെന്റ് സാധ്യതകള്‍: ജര്‍മ്മന്‍ എംബസി പ്രതിനിധി നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി ജര്‍മ്മന്‍ എംബസിയിലെ സാമൂഹികവും തൊഴിൽ കാര്യങ്ങള്‍ക്കുമായുളള കൗണ്‍സിലര്‍ Mrs. മൈക്ക് ജെയ്ഗർ തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയുമായും റിക്രൂട്ട്മെന്റ് പ്രതിനിധികളുമായും മൈക്ക് ജെയ്ഗർ ചര്‍ച്ച നടത്തി. ആരോഗ്യമേഖലയ്ക്കു പുറമേ കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള പുതിയ റിക്രൂട്ട്മെന്റ് സാധ്യതകള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വിപൂലീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയില്‍ വിലയിരുത്തി.
കൂടുതല്‍ തൊഴില്‍ മേഖലകളെ ഉള്‍പ്പെടുത്തി ട്രിപ്പിള്‍ വിന്‍ പദ്ധതിയിക്കു സമാനമായി കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റുകള്‍ സാധ്യമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ പുരോഗതി ചര്‍ച്ചയില്‍ വിലയിരുത്തി. ഐ.ടി പ്രൊഫഷണലുകള്‍ക്കും, ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്കുമുളള റിക്രൂട്ട്മെന്റ് സാധ്യതകള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഇക്കാര്യം ജര്‍മ്മന്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും റിക്രൂട്ട്മെന്റുകള്‍ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കാമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.
നേരത്തേ തിരുവനന്തപുരം തൈക്കാടുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് സന്ദര്‍ശിച്ച മൈക്ക് ജെയ്ഗർ ജര്‍മ്മന്‍ ഭാഷാപരിശീലന ക്ലാസ്സുകള്‍ നേരിട്ട് വിലയിരുത്തി. എന്‍.ഐ.എഫ്.എല്ലിലെ വിദ്യാര്‍ത്ഥികളുമായും മൈക്ക് ജെയ്ഗറുടെ നേതൃത്വത്തിലുളള ജര്‍മ്മന്‍ സംഘം സംവദിച്ചു. നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ നിന്നും മാനേജര്‍ ശ്യാം.ടി.കെ അസി.മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവരും സംബന്ധിച്ചിരുന്നു.












Click it and Unblock the Notifications