എസ്ബിഐയിൽ സുവർണ്ണാവസരം; 7,150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 8-നകം അപേക്ഷിക്കണം!
ബാങ്കിങ് മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു മികച്ച അവസരം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7,150 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രായപരിധി
അപേക്ഷകർക്ക് 2026 ഏപ്രിൽ 30-നകം കുറഞ്ഞത് 20 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി പ്രായപരിധി 28 വയസ്സാണ് (ഉദ്യോഗാർത്ഥികൾ 01-05-1998 നും 30-04-2006 നും ഇടയിൽ ജനിച്ചവരായിരിക്കണം). സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായലാളിവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ ബിരുദം പൂർത്തിയായിരിക്കണം.
പ്രതിമാസ സ്റ്റൈപ്പൻഡ്
തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റീസുകൾക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അപ്രന്റീഷിപ്പ് തസ്തിക ഒരു സ്ഥിര ജോലിയല്ലെന്നും, ഇത് വിജയകരമായി പൂർത്തിയാക്കുന്നത് വഴി എസ്ബിഐയിൽ സ്ഥിര നിയമനത്തിന് അവകാശവാദമുന്നയിക്കാൻ സാധിക്കില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. എങ്കിലും ബാങ്കിങ് മേഖലയിലെ പ്രായോഗിക പരിചയവും സർട്ടിഫിക്കറ്റും ഭാവിയിൽ വലിയ ഗുണം ചെയ്യും.

തിരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഓൺലൈൻ പരീക്ഷ
ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ജനറൽ/ഫിനാൻഷ്യൽ അവയർനസ് എന്നീ നാല് വിഭാഗങ്ങളിൽ നിന്നായി 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും ഇത്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് (1/4) ഉണ്ടായിരിക്കും.
പ്രാദേശിക ഭാഷാ പരീക്ഷ
ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം പരിശോധിക്കും. പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ മലയാളം ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് കേരളത്തിലെ പ്രാദേശിക ഭാഷാ പരീക്ഷയിൽ നിന്ന് ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കരിയർ വെബ്‌സൈറ്റായ sbi.co.in/web/careers അല്ലെങ്കിൽ sbi.bank.in സന്ദർശിച്ച് 'Current Openings' വിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന് 'Engagement of Apprentices' എന്ന വിജ്ഞാപനത്തിന് കീഴിലുള്ള 'Apply Online' ലിങ്കിൽ ക്ലിക്ക് ചെയ്ത് 'Click here for New Registration' വഴി പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന് ശേഷം ലഭിക്കുന്ന നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷം ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലടയാളം, നിർദ്ദിഷ്ട കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർ 300 രൂപ അപേക്ഷാ ഫീസ് നൽകണം.












Click it and Unblock the Notifications