ബിരുദം കൈയിലുണ്ടോ? എസ്ബിഐയില്‍ ജോലി ലഭിക്കും; കേരളത്തിലും നിറയെ അവസരം
പൊതുമേഖലാ ബാങ്കായ എസ് ബി ഐയില്‍ ജോലി നേടാന്‍ അവസരം. സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (സിബിഒ) തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ എസ് ബി ഐ അപേക്ഷകള്‍ ക്ഷണിച്ചു. മൊത്തം 5,280 ഒഴിവുകള്‍ നികത്താനുള്ള റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ് എസ് ബി ഐ ആരംഭിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/web/careersല്‍ അപേക്ഷിക്കാം.
നവംബര്‍ 22 മുതല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായുള്ള രജിസ്‌ട്രേഷന്‍ വിന്‍ഡോ തുറന്നിട്ടുണ്ട്. ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. 2024 ജനുവരിയില്‍ ആയിരിക്കും പരീക്ഷ. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നൂറിലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കിള്‍ തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ഇനി പറയുന്നത് പ്രകാരമാണ്.

അഹമ്മദാബാദ് സര്‍ക്കിള്‍: 430, അമരാവതി: 400, ബെംഗളൂരു: 380, ഭോപ്പാല്‍: 450, ഭുവനേശ്വര്‍: 250, ചണ്ഡീഗഡ്: 300, ചെന്നൈ: 125, നോര്‍ത്ത് ഈസ്റ്റേണ്‍: 250, ഹൈദരാബാദ്: 425, ജയ്പൂര്‍: 500, ലഖ്നൗ: 600, കൊല്‍ക്കത്ത: 230, മഹാരാഷ്ട്ര: 300, മുംബൈ മെട്രോ: 90, ന്യൂഡല്‍ഹി: 300, തിരുവനന്തപുരം: 250 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യോഗ്യതാ മാനദണ്ഡം
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. മെഡിസിന്‍, എഞ്ചിനീയറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയില്‍ യോഗ്യതയുള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പ്രായപരിധി
2023 ഒക്ടോബര്‍ 31-ന് 21-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍ (1993 നംവബര്‍ ഒന്നിന് ശേഷമോ 2002 ഒക്ടോബര്‍ 31 നോ ജനിച്ചവര്‍) സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. അതേസമയം എസ് സി, എസ്ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. ഓണ്‍ലൈന്‍ പരീക്ഷ (ഒബ്ജക്റ്റീവ്, ഡിസ്‌ക്രിപ്റ്റീവ്), സ്‌ക്രീനിംഗ്, അഭിമുഖം എന്നിങ്ങനെയുള്ള മൂന്ന് പ്രക്രിയകള്‍ക്ക് ശേഷമായിരിക്കും നിയമനം നടത്തുക.
ഓണ്‍ലൈന്‍ പരീക്ഷയുടെ ഘടന
120 മാര്‍ക്കുള്ള ഒബ്ജക്ടീവ് പരീക്ഷയ്ക്ക് പ്രത്യേക സമയങ്ങളുള്ള നാല് സെഗ്മെന്റുകള്‍ ഉള്‍പ്പെടും. ഈ പരീക്ഷയുടെ ആകെ സമയം 2 മണിക്കൂറാണ്. ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെ ആകെ ദൈര്‍ഘ്യം 30 മിനിറ്റാണ്. ആകെ 50 മാര്‍ക്കുള്ള രണ്ട് ചോദ്യങ്ങളുള്ള ഇംഗ്ലീഷ് പരീക്ഷയായിരിക്കും ഇത്. വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ പരിശോധിക്കൂ












Click it and Unblock the Notifications