റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം!
റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണ്ണാവസരം. സൗത്ത് സെൻട്രൽ റെയിൽവേ (SCR) വിവിധ ട്രേഡുകളിലായി 2801 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC), സെക്കന്ദരാബാദ് വഴിയാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രത്യേക പരീക്ഷകളോ അഭിമുഖങ്ങളോ ഇല്ലാതെ തന്നെ റെയിൽവേയുടെ ഭാഗമാകാൻ സാധിക്കും എന്നതാണ് ഈ റിക്രൂട്ട്‌മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ആകെ 2801 ഒഴിവുകളാണുള്ളത്. പ്രധാനമായും ഫിറ്റർ (860 ഒഴിവുകൾ), ഇലക്ട്രീഷ്യൻ (704 ഒഴിവുകൾ), ഡീസൽ മെക്കാനിക് (432 ഒഴിവുകൾ), വെൽഡർ (330 ഒഴിവുകൾ) എന്നീ ട്രേഡുകളിലാണ് കൂടുതൽ അവസരങ്ങൾ. കൂടാതെ മെഷീനിസ്റ്റ്: 105 ഒഴിവുകൾ, കാർപെന്റർ: 76 ഒഴിവുകൾ എന്നീ ട്രേഡുകളിലും അവസരമുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസം: പത്താം ക്ലാസ് (SSLC) പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കോടെ വിജയിച്ചിരിക്കണം. അതോടൊപ്പം, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ (SCVT) നൽകുന്ന ഐടിഐ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
പ്രായപരിധി: 2026 ഏപ്രിൽ 11 പ്രകാരം 15 വയസ്സ് പൂർത്തിയാകുകയും 24 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് നിബന്ധന. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവുമുണ്ട്.
തിരഞ്ഞെടുപ്പ് രീതി
അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കുകൾ തുല്യമായി പരിഗണിച്ചായിരിക്കും ഷോർട്ട്ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷകളില്ലാത്തതിനാൽ മാർക്ക് ലിസ്റ്റിലെ ശരാശരി കൂടുതൽ ഉള്ളവർക്ക് റെയിൽവേയിൽ എളുപ്പത്തിൽ ജോലി ഉറപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റെയിൽവേയുടെ വിവിധ വർക്ക്‌ഷോപ്പുകളിലോ യൂണിറ്റുകളിലോ ഒരു വർഷത്തെ പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ സർക്കാർ നിശ്ചയിച്ച പ്രതിമാസ സ്റ്റൈപ്പൻഡും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://scr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങൾക്കും ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഏപ്രിൽ 11 ആണ്. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റെയിൽവേയുടെ ഗ്രൂപ്പ് ഡി (Level 1) തസ്തികകളിൽ ഭാവിയിൽ നടത്തുന്ന റിക്രൂട്ട്‌മെന്റുകളിൽ 20% മുൻഗണന ലഭിക്കുമെന്നത് വലിയൊരു നേട്ടമാണ്.












Click it and Unblock the Notifications