ടെക്നോപാർക്കിൽ ജോലി നേടാം; ഗുരുവായൂർ ദേവസ്വം ബോർഡിലും ഒഴിവുകൾ..അപേക്ഷിക്കാം
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡിൽ' വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കാണ് അവസരം. ജനറൽ മാനേജർ, എ.ജി.എം-ചീഫ് കോർഡിനേറ്റേഴ്സ്, കോർഡിനേറ്റേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിൽ പൂർണ്ണസമയ അടിസ്ഥാനത്തിലായിരിക്കും നിയമനം.
സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന 'നെയിം' (NAME - Norka Assisted & Mobilised Employment) പദ്ധതി പ്രകാരമാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 12ആണ്.

വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ള, നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് കേരളത്തിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിനങ്ങളിൽ ഓഫീസ് സമയത്ത് 0471-2770523 എന്ന നമ്പറിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802012345 (വിദേശത്തുനിന്നും - മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിലോ ബന്ധപ്പെടാവുന്നതാണ്.
ഗുരുവായൂർ ദേവസ്വത്തിൽ എൽഡി ക്ലർക്ക് ഒഴിവ്; ജൂലൈ 3 വരെ അപേക്ഷിക്കാം
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ എൽഡി ക്ലർക്ക് തസ്തികയിലേക്ക് 179 ദിവസത്തെ താൽക്കാലിക നിയമനത്തിന് ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണുള്ളത്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 1.1.2026 ൽ 18 നും 36 നും മധ്യേ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ അയക്കാവുന്നതാണ്. വയസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾക്കൊപ്പം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പിസിസി) മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യണം.
പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 8-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി ഗുരുവായൂർ ദേവസ്വം ഓഫീസിൽ നേരിട്ട് എത്തിക്കുകയോ, 'അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101' എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയക്കുകയോ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് ഗുരുവായൂർ ദേവസ്വം ഓഫീസുമായി നേരിട്ടോ 0487-2556335 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.












Click it and Unblock the Notifications