ജോലി കാർ ഡ്രൈവർ; ശമ്പളം മണിക്കൂറിന് 4000 രൂപവരെ, പുതിയ അവസരങ്ങളുമായി ടെസ്‌ല
വാഹന വ്യവസായ രംഗത്ത് അടിമുടി പരിഷ്കാരങ്ങളുമായിട്ടാണ് ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല കമ്പനി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയത്. ഡ്രൈവറുടെ ആവശ്യമില്ലാതെയും സഞ്ചരിക്കുന്ന ഓട്ടോ പൈലറ്റ് സംവിധാനമാണ് ടെസ്‌ല കാറുകളുടെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ ഇപ്പോഴിതാ ഇതേ വാഹനങ്ങള്‍ ഓടിക്കാന്‍ ടെസ്‌ല ഡ്രൈവർമാരെ തേടുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മൂന്ന് മാസത്തേക്ക് മാത്രമായിരിക്കും നിയമനമെങ്കിലും ഈ സമയത്ത് മികച്ച ശമ്പളം നല്‍കുന്നു എന്നതാണ് പ്രത്യേകത. വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടത്തുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ ഡ്രൈവർ നിയമനം. "ഞങ്ങളുടെ വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഉയർന്ന നിലവാരമുള്ള വിവരങ്ങള്‍" ശേഖരിക്കാന്‍ ആളുകളെ തിരയുകയാണെന്നാണ് ടെസ്‌ല കമ്പനി അറിയിച്ചിരിക്കുന്നത്.

ഡ്രൈവർമാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് തങ്ങളുടെ കരിയർ വെബ്‌സൈറ്റിലൂടെ കമ്പനി പങ്കുവെച്ചിട്ടുണ്ട്. പകലും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായിട്ടാവും ജോലി. ടെസ്‌ല മുമ്പും ടെസ്റ്റ് ഡ്രൈവർമാരെ നിയമിച്ചിട്ടുണ്ട്. എന്നിരുന്നാലും, കമ്പനി ടെസ്‌ല ഉടമകളിൽ നിന്നുള്ള വിവരങ്ങളേക്കാള്‍ തങ്ങളുടെ തൊഴിലാളികളില്‍ നിന്ന് തന്നെയുള്ള ഡ്രൈവിങ് അനുഭവം, നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനാലാണ് ഇത്തരം ടെസ്റ്റ് ഡ്രൈവർമാരെ വീണ്ടും നിയമിക്കുന്നതെന്നാണ് റിപ്പോർട്ട്.
'ഓട്ടോപൈലറ്റ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറും ബീറ്റ ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയറും മെച്ചപ്പെടുത്താൻ ടെസ്‌ല ചില ടെസ്റ്റ് ഡ്രൈവറുകൾ ഉപയോഗിക്കുന്നു. കമ്പനിയ്‌ക്കായുള്ള ടെസ്റ്റ് ഡ്രൈവർമാർ സാധാരണയായി നേരത്തേയും ഇത്തരം വാഹനങ്ങള്‍ ഓടിച്ചിട്ടുണ്ട്' ടെസ്‌ലയില്‍ നേരത്തെ ടെസ്റ്റ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോൺ ബെർണൽ എന്നയാളെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡർ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്റ്റിൻ, ടെക്സസ്, ഡെൻവർ, കൊളറാഡോ, ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ എന്നിവയുൾപ്പെടെ ഒരു ഡസനിലധികം നഗരങ്ങളില്‍ ടെസ്‌ല ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറിന് 18 ഡോളർ മുതല്‍ 48 ഡോളർ വരെയായിരിക്കും ശമ്പളം. അതായത് 1,483 മുതല്‍ 3,956 വരെ ഇന്ത്യന്‍ രൂപ.
അതേസമയം, ടെസ്‌ലയുടെ കാർ നിർമ്മാണ ഫാക്ടറി ഇന്ത്യയിലും വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ അമേരിക്കന്‍ സന്ദർശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ല മേധാവി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ ടെസ്‌ല പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ ആവശ്യം. നിർമ്മാണത്തിന് മുന്നോടിയായി ഇന്ത്യയിൽ ടെസ്‌ല കാറുകൾ ഇറക്കുമതി ചെയ്യാൻ മസ്കും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ടെസ്‌ലയുടെ അഭ്യർത്ഥന ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.












Click it and Unblock the Notifications