മൊബൈലില്‍ ഗെയിം കളിച്ചിരിക്കാമോ? ഈ കമ്പനി തരും 10 ലക്ഷം രൂപ ശമ്പളം..! അതും ഇന്ത്യയില്‍, വേഗം അപേക്ഷിച്ചോ
ഇന്നത്തെ കാലത്ത് മൊബൈല്‍ ഗെയിം കളിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരിക്കലെങ്കിലും തങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഗെയിം കളിച്ചിട്ടുള്ളവരായിരിക്കും. ലൈവ് ഗെയിം സ്ട്രീം വഴി യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ പണം സമ്പാദിക്കുന്നവരുമുണ്ട്. എന്നാല്‍ ഗെയിം കളിക്കുക എന്നത് ഒരു ശമ്പളം നിശ്ചയിച്ചിട്ടുള്ള ജോലിയാണെങ്കിലോ?
ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിലും വലിയൊരു സന്തോഷ വാര്‍ത്ത കേള്‍ക്കാനുണ്ടാകില്ല അല്ലേ. ചിലപ്പോള്‍ അവിശ്വസനീയമായി തോന്നുകയും ചെയ്‌തേക്കാം. എന്നാല്‍ വിശ്വസിച്ചോളൂ. ഗെയിം കളിച്ച് നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അതും ഇന്ത്യയില്‍ തന്നെ. സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഐക്യൂ ആണ് ഈ ആകര്‍ഷകമായ ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ചീഫ് ഗെയിമിംഗ് ഓഫീസര്‍ എന്ന തസ്തികയിലേക്കാണ് നിയമനം. മികച്ച ഗെയിമിംഗ് സ്മാര്‍ട് ഫോണ്‍ നിര്‍മിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനായിട്ടാണ് പുതിയ തസ്തിക സൃഷ്ടിച്ച് ആകര്‍ഷകമായ ശമ്പളത്തോടെ ഇത്തരത്തില്‍ ജോലി അവസരവുമായി ഐക്യൂ എത്തിയിരിക്കുന്നത്. വെറും ആറ് മാസത്തേക്ക് 10 ലക്ഷം രൂപയാണ് ഈ ജോലിക്ക് ഐക്യൂ വാഗ്ദാനം ചെയ്യുന്ന ശമ്പളം.
18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവരെ ആണ് ഈ പോസ്റ്റിലേക്ക് ഐക്യൂ കമ്പനി തേടുന്നത്. ഇന്ത്യയിലുള്ളവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കൂ. ജൂണ്‍ 11 വരെ മാത്രമെ അപേക്ഷ സ്വീകരിക്കൂ. ഐക്യൂ വെബ്‌സൈറ്റ് വഴി ജോലിക്കായി അപേക്ഷിക്കാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം എന്തൊക്കെയായിരിക്കും ചീഫ് ഗെയിമിംഗ് ഓഫീസറുടെ ജോലി എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ഗെയിമിംഗ് ഓഫീസറാണ് ഐക്യൂ ഫോണുകളിലെ ഗെയിമുകള്‍ അനുഭവിച്ചറിയുകയും അത് അവലോകനം ചെയ്യുകയും വേണ്ടത്. ചീഫ് ഗെയിമിംഗ് ഓഫീസര്‍ക്ക് രാജ്യത്തുടനീളമുള്ള മികച്ച ഗെയിമര്‍മാരുമായും ഗെയിമിംഗ് കമ്മ്യൂണിറ്റികളുമായും അനുഭവങ്ങള്‍ പങ്കിടാന്‍ അവസരം ലഭിക്കുന്നതാണ് എന്ന് കമ്പനി പറയുന്നു. ഗെയിമര്‍ക്ക് വേണ്ട ശൈലി, അവതരണം, വ്യാഖ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ സ്മാര്‍ട്ട്ഫോണ്‍ പാക്കേജ് നിര്‍മ്മിക്കാനാവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ കൈമാറേണ്ടത് ചീഫ് ഗെയിമിംഗ് ഓഫീസറാണ്.
ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്ക് ആവേശകരമായ ഗെയിമിംഗ് അനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐക്യൂ സിഇഒ നിപുന്‍ മരിയ പറയുന്നു. ഈ സംരംഭം മൊബൈല്‍ ഗെയിമിംഗ് മെച്ചപ്പെടുത്തുന്നതിനും വ്യവസായത്തില്‍ അഭിലഷണീയരായ പ്രതിഭകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ ആണ് അടയാളപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ജോലിക്കായി അപേക്ഷിക്കാന്‍ ഐക്യൂവിന്റെ വെബ്സൈറ്റിലെ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കണം. രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധനക്കായി അയക്കും. തുടര്‍ന്ന് അഭിമുഖവും ഓഡീഷനും അടക്കമുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് നിങ്ങളെ ചീഫ് ഗെയിമിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ക്ഷണിക്കുക.












Click it and Unblock the Notifications