വീണിടത്തു കിടന്ന ഉരുണ്ടിട്ട് എന്തുകാര്യം?; ആർ ശ്രീലേഖയ്ക്കെതിരെ തോമസ് ഐസക്
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച ആർ ശ്രീലേഖയ്ക്കെതിരെ തോമസ് ഐസക്.ശ്രീലേഖ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനം ഏറെ ലജ്ജാകരമാണെന്നും എന്തിന് ബിജെപി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി രക്ഷാപ്രവർത്തനവുമായി ഇറങ്ങണമെന്നും ഐസക് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം.
'കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സ്ത്രീപീഡന കേസിൽ ഇരയെ അപഹസിച്ചുകൊണ്ട് തിരുവനനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ അഭിപ്രായപ്രകടനം ഏറെ ലജ്ജാകരമാണ്. എന്തിന് ബിജെപി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി രക്ഷാപ്രവർത്തനവുമായി ഇറങ്ങണം?

"ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല? ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി? പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?"
ഇര പരാതി നൽകിയത് ദുരുദ്ദേശത്തോടെയാണെന്നാണ് അവർ ആക്ഷേപിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല ഇത്തരത്തിൽ ഹീനമായ ഒരു നിലപാട് ലൈംഗീകാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സംബന്ധിച്ച് അവർ എടുത്തിട്ടുള്ളത്. സിനിമാ നടിയെ പീഡിപ്പിച്ച കേസിൽ ഇരയേക്കാൾ അവർക്ക് വിശ്വാസം പ്രതിയായ നടനിൽ ആയിരുന്നു. ഇത്തരമൊരാളാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ചിലർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. അത് ബിജെപിയുടെ കാര്യം. പക്ഷേ, ശാസ്തമംഗലത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാൻ അവർ യോഗ്യയാണോ?
ഞാൻ തൊട്ടടുത്ത കുറവൻകോണം വാർഡിലെ വോട്ടറാണ്. ഇന്ന് കാലത്ത് ശാസ്തമംഗലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അമൃത, പാർടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത് കുമാറിനൊപ്പം എന്റെ ഫ്ലാറ്റിൽ വന്നിരുന്നു. 'Kerala: Another Possible World' എന്ന എന്റെ പുസ്കത്തിന്റെ കോപ്പി നൽകി വിജയം ആശംസിച്ചു. ശാസ്തമംഗലം വാർഡിലെ മുഴുവൻ വീടുകളും ഒരു ഈസ്റ്റർ കാലത്ത് കിച്ചൺബിൻ പ്രചരിപ്പിക്കുന്നതിന് അന്ന് കൗൺസിലറായിരുന്ന ബിന്ദു ശ്രീകുമാറിനോടൊപ്പം ഞാൻ കയറിയിറങ്ങിയതിന്റെ ഓർമ്മകൾ ഇന്നുമുണ്ട്. ശാസ്തമംഗലത്തെ വോട്ടർമാരോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്: "അമൃത ആയിരിക്കട്ടെ നിങ്ങളുടെ കൗൺസിലർ".
അടിക്കുറിപ്പ്:- ഇപ്പോഴാണ് ശ്രീലേഖയുടെ വിശദീകരണം വായിച്ചത്. താൻ ഇരയോടൊപ്പമാണ്. ഏകവിമർശനം പരാതി കൊടുക്കാൻ വൈകിയതു സംബന്ധിച്ചാണുപോലും. അവരുടെ പോസ്റ്റ് ഏതാണ്ട് പൂർണ്ണമായും ഞാൻ ഉദ്ദരിച്ചിട്ടുണ്ട്. വീണിടത്തു കിടന്ന ഉരുണ്ടിട്ട് എന്തുകാര്യം? മുഖ്യമന്ത്രിക്ക് പരാതി നൽകിയതിലെ തെറ്റ് എന്താണാവോ? നിങ്ങൾ ആക്ഷേപിക്കുന്നത് ഇരയുടെ പരാതി കാപട്യമാണെന്നാണ്. പ്രതിയായ രാഹുൽ മാങ്കൂട്ടത്തെ മുങ്ങാൻ അവസരം നൽകാനാണത്രേ പരാതി വച്ചുതാമസിപ്പിച്ചത്. ഇപ്പോൾ ഉന്നയിച്ചത് ശബരിമല വിഷയത്തിൽ ശ്രദ്ധതിരിക്കാനാണെന്നും ആക്ഷേപിക്കുന്നു. നിങ്ങൾ എന്തുതരത്തിലുള്ള ജനപ്രതിനിധി ആകാനാണ് പോകുന്നതെന്ന് ഏതാണ്ട് വ്യക്തമാണ്.












Click it and Unblock the Notifications