യുഎഇ എമിറേറ്റ്സില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: കൊച്ചിയില്‍ ഉള്‍പ്പെടെ ഒഴിവുകള്‍
എമിറേറ്റ്സ് വ്യോമയാന കമ്പനിയില്‍ വീണ്ടും നിരവധി തൊഴില്‍ അവസരങ്ങള്‍. ക്യാമ്പിന്‍ ക്രൂ ഉള്‍പ്പടേയുള്ള ഒഴിവുകളിലേക്കാണ് നിലവില്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇന്ത്യയിലും ഒഴിവുകള്‍ ലഭ്യമാണ്. എമിറേറ്റ്സില്‍ ജോലി ലഭിക്കുകയാണെങ്കില്‍ മികച്ച ശമ്പളത്തോടൊപ്പം മറ്റ് അനുകൂല്യങ്ങളും ലഭിക്കും.
എമിറേറ്റ്‌സിന്റെ ക്യാബിൻ ക്രൂവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് നികുതി രഹിത ശമ്പളം, ലാഭ വിഹിതത്തിനുള്ള യോഗ്യത, ഹോട്ടൽ താമസം, ലേഓവർ ചെലവുകൾ, ഇളവുള്ള യാത്രാ നിരക്ക്, വാർഷിക അവധി, വാർഷിക ലീവ് ടിക്കറ്റ്, മെഡിക്കൽ, ലൈഫ്, ഡെന്റൽ ഇൻഷുറൻസ് കവറേജ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതിന് പുറമെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ് നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

സൂറിച്ച്, വിയന്ന, വാൻകൂവർ, ടൗളൂസ്, ഗ്ലാസ്‌ഗോ, സൈപ്രസ്, മിലാൻ, ഏഥൻസ്, ലണ്ടൻ, ബാക്കു, ആന്റ്‌വെർപ് എന്നിവയുൾപ്പെടെ യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ പല നഗരങ്ങളിലും കാബിൻ ക്രൂവിനെ നിയമിക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ഓപ്പൺ അഭിമുഖങ്ങളാണ് നടത്തുന്നത്.
ഇന്ത്യയിലും കമ്പനിക്ക് കീഴില്‍ നിരവധി ഒഴിവുകള്‍ ലഭ്യമാണ്. മുംബൈയില്‍ മനേജർ, കൊച്ചിയിലും തിരുവനന്തപുരത്തും സീനിയർ കസ്റ്റമർ സെയില്‍ ആന്‍ഡ് സർവീസ് ഏജന്റ്, മുംബൈയില്‍ സൂപ്പർവൈസർ സർവീസ്, ഡല്‍ഹിയില്‍ എയർപോർട്ട് സർവ്വീസ് മാനേജർ തുടങ്ങിയ തസ്തികകളിലും ഒഴിവുകള്‍ ലഭ്യമാണ്.
ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ക്യാബിൻ ക്രൂവിന് എഴുത്തിലും സംസാരത്തിലും ഇംഗ്ലീഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം (അധിക ഭാഷാ പരിജ്ഞാനം ഒരു നേട്ടമാണ്); കുറഞ്ഞത് 160cm ഉയരം വേണം. ഇതോടൊപ്പം തന്നെ യുഎഇയുടെ തൊഴിൽ വിസ നേടാനുള്ള യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയവും ആവശ്യമാണ്.
തിരഞ്ഞെടുക്കെപ്പെടുന്ന കാബിന്‍ ക്രൂ ഉദ്യോഗാർത്ഥികൾക്ക് 4,430 ദിർഹം അടിസ്ഥാന മാസ ശമ്പളവും ഒരു മണിക്കൂറിന് 63.75 ദിർഹം ഫ്ലൈയിംഗ് പേയും വാഗ്ദാനം ചെയ്യുന്നു. ശരാശരി മൊത്തം ശമ്പളം 10,170 ദിർഹമായിരിക്കും. ഇതിന് പുറമെയായിരിക്കും മറ്റ് ആനുകൂല്യങ്ങള്‍,
അതേസമയം, പാൻഡെമിക്കിന് ശേഷം എയർലൈൻ അതിന്റെ നെറ്റ്‌വർക്ക് വിപുലീകരിക്കുകയാണ്. കമ്പനിയുടെ തൊഴിൽ ശക്തി 2022-23 സാമ്പത്തിക വർഷത്തിൽ 23 ശതമാനം വർധിച്ച് 56,379 ജീവനക്കാരായി. മുൻ വർഷം ഇത് 45,843 ആയിരുന്നു. ട്രാവൽ, ടൂറിസം മേഖലകളിലെ ശക്തമായ വീണ്ടെടുക്കൽ, പ്രാദേശിക, ആഗോള എയർലൈനുകളിൽ നിന്നുള്ള കൂടുതൽ ഫ്ലൈറ്റുകളുടെ ആവശ്യം വർധിപ്പിച്ചതാണ് തൊഴിലാളികളുടെ ആവശ്യകതയില്‍ മുന്നേറ്റമുണ്ടാക്കിയത്.












Click it and Unblock the Notifications