യുഎഇയിൽ മലയാളികൾക്ക് വൻ അവസരം; 1 ലക്ഷത്തിനടുത്ത് ശമ്പളവും ആനുകൂല്യവും..ഇപ്പോൾ അപേക്ഷിക്കാം
യു.എ.ഇ.യിൽ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്‌സുമാർക്ക് മികച്ച തൊഴിലവസരം. ആകെ 50 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ആരോഗ്യരംഗത്ത് പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് മികച്ച ശമ്പളത്തോടെയും സൗജന്യ ആനുകൂല്യങ്ങളോടെയും വിദേശത്ത് ജോലി നേടാനുള്ള വലിയ അവസരമാണിത്.
പ്രതിമാസം 3,500 ദിർഹമാണ് ശമ്പളമായി ലഭിക്കുക. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി യോഗ്യത നേടിയവർക്കും ആശുപത്രി, ക്ലിനിക്ക്, ഹോംകെയർ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കുമാണ് അപേക്ഷിക്കാനാവുക. എം.ഒ.എച്ച്. അല്ലെങ്കിൽ ഡി.എച്ച്.എ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. ലൈസൻസ് ഇല്ലാത്തവർക്ക് നിയമനത്തിന് ശേഷം അത് നേടേണ്ടതുണ്ട്. ഡാറ്റാഫ്ലോ പൂർത്തിയാക്കിയവർക്കും അവസരം ലഭിക്കും.

അപേക്ഷകരുടെ പ്രായം 20നും 40നും ഇടയിൽ ആയിരിക്കണം. കുറഞ്ഞത് അഞ്ച് അടി ഉയരവും നല്ല ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും നിർബന്ധമായും വേണം. രോഗികളെ നേരിട്ട് പരിചരിക്കുന്ന ജോലിയായതിനാൽ ട്രാക്കിയോസ്‌റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്‌സോർ പ്രതിരോധവും ചികിത്സയും, എൻടെറൽ ഫീഡിംഗ് എന്നിവയിൽ പ്രായോഗിക പരിചയവും വൈദഗ്ദ്ധ്യവും ആവശ്യമാണ്.
രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കാൻ കഴിവുള്ളവരെയും സ്വതന്ത്രമായി ഹോംകെയർ സാഹചര്യത്തിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവരെയും മാത്രമാണ് പരിഗണിക്കുക. ആശയവിനിമയ കഴിവ്, നിരീക്ഷണശേഷി, അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയ്ക്കും പ്രാധാന്യം നൽകും.
മാസത്തിൽ ആകെ 360 മണിക്കൂർ ജോലിയായിരിക്കും. ഇത് 15 ദിവസത്തെ 24 മണിക്കൂർ ഡ്യൂട്ടി രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അധികസമയം ജോലി ചെയ്താൽ ഓവർടൈം ആനുകൂല്യവും ലഭിക്കും.
24 മാസത്തെ തൊഴിൽ കരാറും വിസയും കമ്പനി സൗജന്യമായി നൽകും. താമസസൗകര്യവും കമ്പനി ഒരുക്കും. താമസസ്ഥലത്തെ യൂട്ടിലിറ്റി, ഇന്റർനെറ്റ് ചെലവുകൾക്കായി പ്രതിമാസം ഏകദേശം 100 മുതൽ 150 ദിർഹം വരെ താമസക്കാർ പങ്കുവെക്കേണ്ടി വരും. ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള ഗതാഗത സൗകര്യവും കമ്പനി ഒരുക്കും.
ബേസിക് മെഡിക്കൽ ഇൻഷുറൻസ് സൗജന്യമായി ലഭിക്കും. ആദ്യ തൊഴിൽ കരാറിനുള്ള ജനറൽ പ്രാക്ടീഷണർ പരിശോധനകളും കമ്പനി വഹിക്കും. എന്നാൽ ലബോറട്ടറി പരിശോധനകൾക്ക് ആവശ്യമായ ചെലവ് ഉദ്യോഗാർത്ഥികൾ തന്നെയാണ് വഹിക്കേണ്ടത്.
താൽപ്പര്യമുള്ളവർ ഏറ്റവും പുതിയ സി.വി., പാസ്‌പോർട്ട് പകർപ്പ്, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ “Assistant Nurse to UAE” എന്ന് രേഖപ്പെടുത്തി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മെയ് 31 ആണ്.












Click it and Unblock the Notifications