ദുബായ് റീഫ്സ് വരുന്നു: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത, 30,000 പുതിയ തൊഴിലവസരങ്ങൾ
ദുബായില്‍ മറ്റൊരു വമ്പന്‍ പദ്ധതിക്ക് കൂടി തുടക്കം കുറിച്ച് യുആർബി. ദുബായ് തീരത്ത് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര പുനരുദ്ധാരണ പദ്ധതിയായി കണക്കാക്കപ്പെടുന്ന 'ദുബായ് റീഫ്സ്' ആണ് കഴിഞ്ഞ ദിവസം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇക്കോടൂറിസം മെച്ചപ്പെടുത്തുന്നതിനും സമുദ്ര ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഫ്ലോട്ടിംഗ് പദ്ധതിയാണ് ദുബായ് റീഫ്സ്. ലോക പ്രശസ്ത സുസ്ഥിര നഗര നിർമ്മാതാക്കളായാ യു ആർ ബിയുടെ ദുബായിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായും റീഫ്സ് മാറും.
ഹരിത സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കുന്നതിനായി നഗരത്തിൽ 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് വമ്പന്‍ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതാണ് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളെ സംബന്ധിച്ചുള്ള പ്രധാന ആകർഷണവും. ദുബായില്‍ മറ്റൊരു മേഖലയില്‍ കൂടി പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നുവെന്ന സന്തോഷ വാർത്ത പ്രവാസികള്‍ക്കിടയില്‍ പ്രചരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഇക്കോടൂറിസം, സമുദ്ര ഗവേഷണം, പുനരുജ്ജീവനം എന്നിവ ലക്ഷ്യമാക്കിയാണ് ദുബായ് റീഫ്‌സ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഫ്ലാറ്റുകള്‍, ഹോട്ടലുകൾ, ഷോപ്പിങ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി. ദുബായിയുടെ സമുദ്രവും തീരദേശ പരിസ്ഥിതിയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ മറൈൻ സ്ഥാപനമായിരിക്കും പദ്ധതിയുടെ കേന്ദ്രബിന്ദു.
വൈവിധ്യമാർന്ന കൃത്രിമ പവിഴപ്പുറ്റുകൾ സൃഷ്ടിച്ച് ദുബായിയുടെ സമുദ്ര ശാസ്ത്രവും സംരക്ഷണ ശേഷിയും മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ റീഫ് വ്യാപിക്കുമെന്നാണ് റിപ്പോർട്ട്. 1 ബില്ല്യണിലധികം പവിഴപ്പുറ്റുകളും 100 ദശലക്ഷം കണ്ടൽ ചെടികളും പദ്ധതിയുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായിരിക്കും.
പൂർണമായും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളാൽ പ്രവർത്തിക്കുന്ന നിരവധി ഫ്ലോട്ടിംഗ് ഇക്കോ ലോഡ്ജുകളും ദുബായ് റീഫ്സിൽ ഉണ്ടാകും. മറൈൻ ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്, സൗരോർജ്ജവും ജലവൈദ്യുതിയുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ഊർജ്ജ സ്രോതസ്സുകൾ. സുസ്ഥിരമായ ഭക്ഷ്യോൽപ്പാദന രീതിയായ "പുനരുൽപ്പാദന സമുദ്ര കൃഷി"യും പദ്ധതി ഉപയോഗപ്പെടുത്തും.

സമുദ്രം പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും എല്ലാ ജീവജാലങ്ങളുടെയും ഉറവിടമാണെന്നുമാണ് യുആർബിയുടെ സിഇഒ ബഹരാഷ് ബഗേറിയൻ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയത്. നമ്മുടെ ലോകത്തിലെ എല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, ആരോഗ്യമുള്ള സമുദ്രം ആരോഗ്യമുള്ള ഒരു നഗരമാണ്. സമുദ്രങ്ങളെയും അവ കൈവശം വച്ചിരിക്കുന്ന സമുദ്ര ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തീരദേശ സമൂഹങ്ങൾ, വിവിധ തരം അടിസ്ഥാന സൗകര്യങ്ങൾ, സമുദ്രവുമായി ബന്ധപ്പെട്ട വികസനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതിന് ഒരു സംരംഭകത്വ മനോഭാവം ആവശ്യമാണ്. പുരോഗമന തീരദേശ നഗരമായ ദുബായ് ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള മികച്ച ഇടമാണെന്നും ബഹരാഷ് ബഗേറിയൻ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും സമൂഹത്തിനും നേട്ടങ്ങൾ നല്‍കുന്നു. നഗരത്തിനും സമുദ്രത്തിനും പരസ്പരം സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഇക്കോ ഡെസ്റ്റിനേഷനായി പുതിയ നഗരം മാറും. യുആർബിയുടെ പ്രമുഖ പദ്ധതികളെല്ലാം ദുബായി കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications