ദുബായില്‍ സ്വപ്ന ജോലി നേടാം: അവസരങ്ങള്‍ ആമസോണില്‍, എങ്ങനെ അപേക്ഷിക്കണമെന്ന് അറിയാം
ദുബായില്‍ ഒരു ജോലി ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. അതും ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ കമ്പനികളിലൊന്നായ ആമസോണിലാണെങ്കിലോ?... അതെ ഇപ്പോഴിതാ ആമസോണില്‍ ദുബായി കേന്ദ്രീകരിച്ച് നിരവധി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നുവന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സോഫ്റ്റ്‌വെയര്‍ ഡവലപ്പർ എഞ്ചിനീയർ മുതല്‍ സെയില്‍സ് വരേയുള്ള വിഭാഗങ്ങളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാങ്കേതികവിദ്യ, ദൈനംദിന പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനം, മാർക്കറ്റിംഗ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് എന്നിവയിൽ താൽപ്പര്യവും പ്രവർത്തി പരിചയവുമുള്ളവർക്കും നിരവധി അവസരങ്ങളുണ്ട്. പ്രവർത്തി പരിചയം യോഗ്യതയായി പരിഗണിക്കാത്ത ചില മേഖലകളിലും ഒഴിവുകള്‍ ഉണ്ടെന്നാണ് ന്യൂസ് ഗള്‍ഫ് റിപ്പോട്ട് ചെയ്യുന്നത്.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ, ഓപ്പറേഷൻസ് മാനേജർ, കസ്റ്റമർ സർവീസ് അസോസിയേറ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സപ്ലൈ ചെയിൻ അനലിസ്റ്റ്, എച്ച്ആർ ബിസിനസ് പാട്നർ, സെയിൽസ് എക്സിക്യൂട്ടീവ്, ഡാറ്റാ സയന്റിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, വെയർഹൗസ് അസോസിയേറ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്.
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ അവസരം ഒരുക്കുന്നുവെന്നതാണ് ഈ ഒഴിവുകളുടെ പ്രത്യേകത. ഒരോ ജോലികള്‍ക്കും നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികളെന്നും കമ്പനി വ്യക്തമാക്കുന്നു. അതേസമയം ജോലിയുടെ അടിസ്ഥാനത്തില്‍ ഇത് വ്യത്യസ്തപ്പെട്ടിരിക്കും.
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ, ഓപ്പറേഷൻസ് മാനേജർ തുടങ്ങിയ വിഭാഗങ്ങളില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഈ മേഖലയുമായി ബന്ധപ്പെട്ട ബിരുദമാണ്. ജോലിയുടെ റോളിനെ അടിസ്ഥാനമാക്കി പ്രവർത്തി പരിചയം നിശ്ചയിക്കുന്നതിലും വ്യത്യാസമുണ്ട്. ഇംഗ്ലീഷ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരായിക്കണം ഉദ്യോഗാർത്ഥികള്‍. മറ്റ് ഭാഷകളിലെ അറിവ് അധിക യോഗ്യതയായി പരിഗണിക്കും.
ജോലിയുടെ റോളിനെ ആശ്രയിച്ച്, ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട പ്രോഗ്രാമിംഗ് ഭാഷകളിലോ സോഫ്റ്റ്വെയർ ടൂളുകളിലോ മറ്റ് സാങ്കേതിക കഴിവുകളിലോ പ്രാവീണ്യമുള്ളവരായിരിക്കുകയും വേണം. മികച്ച ആശയവിനിമയ ശേഷി, പ്രശ്‌നപരിഹാര കഴിവുകൾ, ഉപഭോക്തൃ കേന്ദ്രീകൃത മാനസികാവസ്ഥ എന്നിവയ്ക്കും വളരെയധികം വിലമതിക്കുന്ന കമ്പനിയാണ് ആമസോണ്‍ എന്നതും ശ്രദ്ധിക്കേണ്ട ഘടകമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://www.amazon.com/careers) വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ പശ്ചാത്തലം, ജോലി പരിചയം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവയെല്ലാം അപേക്ഷ ഫോമില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാഗാർത്ഥികളെയായിരിക്കും അഭിമുഖത്തിന് വിളിക്കുക.
അഭിമുഖത്തിന് പുറമെ ചില മേഖലകളില്‍ യോഗ്യത പരീക്ഷയും നേരിടേണ്ടി വരും. ഉദ്യോഗാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും ക്ഷമതയും വിലയിരുത്തുന്നതിനോടൊപ്പം പ്രശ്‌നപരിഹാര കഴിവുകൾ, നേതൃത്വഗുണങ്ങൾ, ടീം അധിഷ്‌ഠിത പരിതസ്ഥിതിയിൽ അവർക്ക് എത്ര നന്നായി പ്രവർത്തിക്കാൻ കഴിയും എന്നത് അടക്കമുള്ള കാര്യങ്ങള്‍ അഭിമുഖത്തിലൂടെ വിലയിരുത്തപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് മികച്ച ശമ്പളത്തില്‍ ദുബായില്‍ ആമസോണിന് കീഴില്‍ ജോലിയെടുക്കാനുള്ള ക്ഷണം ലഭിക്കും.












Click it and Unblock the Notifications