സർക്കാർ വഴി യുഎഇയില്‍ തൊഴില്‍ അവസരം: എസ്എസ്എല്‍സിക്കാർക്കും അപേക്ഷിക്കാം, താമസവും വിസയും ഫ്രീ
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡേപെക്കിന് കീഴില്‍ യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍. ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ എന്നീ ഒഴിവുകളിലേക്കാണ് ദുബായിലെ ജബല്‍ അലിയിലേക്ക് ഒഴിവുകള്‍ വന്നിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ജുലൈ 31 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ വിഭാഗത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണ് നിലവിലുള്ളത്. ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മുതല്‍ മൂന്ന് വർഷം വരേയുള്ള ഫ്രീസോണ്‍ വിസയാണ് ലഭിക്കുക. യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ.

മാസം 2500 മുതല്‍ 3000 വരെ യുഎഇ ദിർഹമായിരിക്കും ശമ്പളം. അതായത് 55,802 മുതല്‍ 66,962 ഇന്ത്യന്‍ രൂപ വരെ. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.
ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ 10 മുതല്‍ 15 വരെ ഒഴിവുകളുണ്ട്. മാസം 1200 റിയാലാണ് സാലറി ( 26,784 ഇന്ത്യന്‍ രുപ). ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറാണ് ഈ വിഭാഗത്തിലും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധിയും ലഭിക്കും. ഇതോടൊപ്പം തന്നെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടുവാണ് യോഗ്യത. ഉദ്യോഗാർത്ഥികള്‍ ആവശ്യമായ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. ഈ ഒഴിവിലേക്ക് നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവ്
തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം WWW.cee.kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശേന പരീക്ഷാ കമ്മീഷണർ കൂടിക്കാഴ്ച നടത്തിയശേഷം നിയമന നടപടി സ്വീകരിക്കും.
ജീവനക്കാർ കെ.എസ്.ആർ - 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ആഗസ്റ്റ് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്, KSRTC ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകുക.
ഗസ്റ്റ് അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷം ഇംഗ്ലീഷിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26നു രാവിലെ 10ന് അഭിമുഖത്തിനായി കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി. (55 ശതമാനം) ഉള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.












Click it and Unblock the Notifications