യുഎഇയിൽ ഈ മേഖലയിൽ ജോലിക്ക് ആളെ കിട്ടാനില്ല; ഒരുങ്ങുന്നത് വൻ അവസരം..നിരവധി ഒഴിവുകൾ
യുഎഇയിലെ ടാക്സ് മേഖലയിൽ ഒരുങ്ങുന്നത് നിരവധി അവസരങ്ങൾ. രാജ്യത്ത് നികുതി ഉപദേശക വിപണി വളരെ വേഗത്തിൽ വളരുകയാണ്. അടുത്തിടെ രാജ്യത്ത് പുതിയ നികുതികളും ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മേഖലയിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന് അനുസൃതമായ രീതിയിൽ മേഖലയിലുള്ള വിദഗ്ധരുടെ കുറവ് രൂക്ഷമാണെന്നാണ് ഗ്ലോബൽ റിസർച്ച് സോഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ജിസിസിയിലും പുതിയ നികുതി സമ്പ്രദായങ്ങൾ
കഴിഞ്ഞ വർഷം യുഎഇ 9 ശതമാനം കോർപറേറ്റ് നികുതി ഏർപ്പെടുത്തിയിരുന്നു. 2018 ൽ 5 ശതമാനം മൂല്യവർധിത നികുതിയും. അനാരോഗ്യകരമായ പാനീയങ്ങൾക്കും പുകയില ഉൽപന്നങ്ങൾക്കും എക്സൈസ് നികുതിയും രാജ്യം ഏർപ്പെടുത്തി. അടുത്തിടെയാണ് വ്യക്തിഗത ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം ഇത്തരത്തിൽ നടപടിക്ക് ഒരുങ്ങുന്നത്.
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതും നികുതി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതും എണ്ണ കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളുടെ പ്രധാന മുൻഗണനയാണെന്ന് അടുത്തിടെ ഐഎംഎഫും ചൂണ്ടിക്കാട്ടിയിരുന്നു.

2025 മധ്യേഷ്യയിലടക്കം ലോകത്താകമാനം നികുതി ഉപദേശക മേഖലയിൽ വലിയ വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ കമ്പനികളെ സംബന്ധിച്ച് വലിയ വെല്ലുവിളി നിലനിൽക്കുന്നുണ്ടെങ്കിലും 2025 ഓടെ നിക്ഷേപം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ നികുതി ഉപദേശക സേവനങ്ങൾ ഏകദേശം 6 ശതമാനം വളർച്ച കൈവരിക്കും',സോഴ്സ് ഗ്ലോബൽ റിസർച്ച് പ്രിൻസിപ്പൽ കൺസൾട്ടന്റ് ടോണി മറൗലിസ് പറഞ്ഞു.
നികുതി സേവന ജോലികൾ
യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ടാക്സ് കൺസൾട്ടൻസി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും കൂടുതൽ നികുതി നയങ്ങൾ ഏർപ്പെടുത്തുന്നതോടെ ടാക്സ് കൺസൾട്ടന്റുമാരുടെ ആവശ്യം ഇനിയും ഉയരുമെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതിയുമായി ബന്ധപ്പെട്ട പല മേഖലകളിലും ആളുകളുടെ കുറവുണ്ട്. ഏറ്റവും കൂടുതൽ ബാധിച്ചത് ഗ്ലോബൽ എംപ്ലോയർ/ ടാക്സ് മൊബിലിറ്റി സേവനങ്ങളെയാണ്. മേഖലയിലെ 41 ശതമാനം കമ്പനികളിലും ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുന്നുണ്ട്.
അതേസമയം താരതമ്യേന പുതിയ നികുതി മേഖലയായ പാരിസ്ഥിതിക നികുതി മേഖലയിലാണ് ആളുകളുടെ വലിയ കുറവ് അനുഭവപ്പെടുന്നത്. ഇതോടെ കമ്പനികൾ നിലവിലുള്ള ജീവനക്കാർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്.
ആഗോളതലത്തിൽ നികുതി മേഖലകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട നടപടികളിൽ വീഴ്ചവരുത്താതിരിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ ശ്രമം നടത്തുന്നുണ്ട്. നിലവിലായാലും ഭാവിയിലും പാരിസ്ഥിതിക നികുതികൾ ബാധിച്ചാൽ സമ്പൂർണ്ണ നികുതി സേവനങ്ങൾ നൽകുന്നതിന് ഉപദേശകർ ആവശ്യമാണ്.അടുത്ത മൂന്ന് വർഷത്തേക്ക് നികുതി ഉപദേശകരുടെ ആവശ്യം കൂടുകയേ ഉള്ളൂവെന്നാണ് ടോണി മറൗലിസ് പറയുന്നത്.












Click it and Unblock the Notifications