യുഎഇ ജോലി ഇനി പത്താംക്ലാസ് മാത്രം പാസായവർക്കും: അതും സർക്കാർ വഴി, വിസയും ടിക്കറ്റും ഫ്രീ
തിരുവനന്തപുരം: പൊതുമേഖല സ്ഥാപന ഒഡെപെക്ക് മുഖേന യു എ ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5'5'' ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം.
സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471 2329440/41/42/43/45.

പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്
അതേസമയം, ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന "Development of Vannamei Shrimp farming" പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതേ തസ്തികയിലേക്ക് 2023 മാർച്ച് 16 ശേഷം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.
ഐസിഎആർ അംഗീകൃത സർവകലാശാലയിലെ ബിഎഫ്എസ് സി ഡിഗ്രിയോ അക്വാകൾച്ചർ വിഷത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുള്ള പ്രതിഫലമായി 40,000 രൂപ വീതം നൽകുന്നതാണ്.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽമാർഗ്ഗമോ നേരിട്ടോ ഹെഡ് ഓഫീസിൽ ജൂൺ അഞ്ചിനകമോ ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK), റ്റി.സി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410.
അസി.എൻജിനീയർ (സിവിൽ) നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in.
നിഷ്-ൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career.












Click it and Unblock the Notifications