യുഎഇയില്‍ സെക്യുരിറ്റി ജോലി: അതും കേരള സർക്കാർ വഴി; വേണ്ടത് ഈ യോഗ്യതകള്‍
യു എ ഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ODEPC). പത്താക്ലാസിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം എന്നുള്ളതാണ് ഈ റിക്രൂട്ട്മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
അപേക്ഷകർക്ക് ആർമി, പോലീസ്, അല്ലെങ്കിൽ സെക്യൂരിറ്റി സർവീസ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവുമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2262 യു എ ഇ ദിർഹം പ്രതിമാസ ശമ്പളവും കമ്പനി നൽകുന്ന ഷെയർഡ് താമസ-ഗതാഗത സൗകര്യങ്ങളും ലഭിക്കും. അപേക്ഷകരുടെ പ്രായം 20-40 വയസ്സിന് ഇടയിലായിരിക്കണം.

കുറഞ്ഞത് 174 സെന്റിമീറ്റർ ഉയരവും ഉയരത്തിന് ആനുപാതികമായ ഭാരവും ഉള്ളവർക്കാണ് മുൻഗണന. ശക്തമായ ശരീരഘടന, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കഴിവ്, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി, മെഡിക്കൽ ഫിറ്റ്നസ്, ദൃശ്യമായ ടാറ്റൂകളോ പാടുകളോ ഇല്ലാതിരിക്കൽ എന്നിവയും അപേക്ഷകന്റെ യോഗ്യതകളില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലീഷിൽ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് നിർബന്ധമാണ്, മറ്റ് ഭാഷകൾ അറിയുന്നത് അധിക നേട്ടമായിരിക്കും. കൂടാതെ, സെക്യൂരിറ്റി, പൊതു സുരക്ഷ, നിയമ മാർഗനിർദേശങ്ങൾ, സ്റ്റാൻഡേർഡ് സെക്യൂരിറ്റി രീതികൾ എന്നിവയെക്കുറിച്ചുള്ള അറിവും ആവശ്യമാണ്.
ശമ്പള ഘടനയിൽ 1200 ദിർഹം അടിസ്ഥാന ശമ്പളം 720 ദിർഹം സെക്യൂരിറ്റി അലവൻസ് (ഫിസിക്കൽ അറ്റൻഡൻസിന് വിധേയമായി), 342 ദിർഹം ഓവർടൈം അലവൻസ് (പ്രതിമാസം 52 മണിക്കൂർ ഓവർടൈമിന്), കമ്പനി നൽകുന്ന താമസ-ഗതാഗത സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇങ്ങനെയാണ് മൊത്തം 2262 ദിർഹം ശമ്പളമായി ലഭിക്കുന്നത്.
താത്പര്യമുള്ളവർ തങ്ങളുടെ സിവി, പാസ്‌പോർട്ട്, വിദ്യാഭ്യാസ-പരിചയ സർട്ടിഫിക്കറ്റുകൾ 2025 സെപ്റ്റംബർ 15-ന് മുമ്പായി "Security Guard" എന്ന സബ്ജക്ട് ലൈനോട് കൂടി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2329440/41/42/45, 7736496574, 9778620460 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കമ്പ്യൂട്ടർ ഓപ്പറേറ്റർ താൽക്കാലിക ഒഴിവ്
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്‌കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. സയൻസ്/ആർട്‌സ്/കോമേഴ്‌സ് വിഷയത്തിലെ 3 വർഷ സർവ്വകലാശാല ബിരുദവും ഗവണ്മെന്റ് അംഗീകരിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) യോഗ്യതയുള്ളവരും ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ളവരും, പ്രായ പരിധി 36 വയസ് കഴിഞ്ഞിട്ടില്ലാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും ഒറിജിനൽ എന്നിവ സഹിതം സെപ്റ്റബർ 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം മേലേതമ്പാനൂർ സമസ്ത ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in .
അസാപ് കേരളയിൽ മാനേജർ
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ കഴക്കൂട്ടം ആസ്ഥാനമായി പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ എച്.ആർ ഹെഡ്, ഐ.റ്റി സൊല്യൂഷൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.മുഴുവൻ സമയ എം.ബി.എ ബിരുദമുള്ള, 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് എച്.ആർ ഹെഡ് തസ്തികയിലേക്കും, ഐ.റ്റി/കംപ്യൂട്ട സയൻസിൽ ബിടെക് ബിരുദമോ ഐ.റ്റി സ്‌പെഷ്യലാസിഷനോടുകൂടിയ എം.ബി.എ ബിരുദം ഉള്ളവർക്ക് ഐ.റ്റി സൊല്യൂഷൻസ് മാനേജർ തസ്തികയിലേക്കും ഓൺലൈൻ (www.asapkerala.gov.in/careers/) മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 വൈകിട്ട് 5 മണി.












Click it and Unblock the Notifications