യുഎഇയില്‍ ഈ മേഖലയില്‍ ജോലി അന്വേഷിക്കൂ.. ഉറപ്പായും കിട്ടും: 2024 ല്‍ ഏറ്റവും കൂടുതല്‍ സാധ്യത ഇവർക്ക്
ആഗോള ടെക്‌നോളജി രംഗത്ത് വമ്പന്‍ കമ്പനികള്‍ ഉള്‍പ്പെടെ വലിയ തോതില്‍ പിരിച്ച് വിടലുകള്‍ നടത്തിയ വർഷമായിരുന്നു 2023. ആമസോണും ഗൂഗിളും മെറ്റയുമെല്ലാം വലിയ തോതില്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ടെക്നോളജി രംഗത്ത് പുതിയ നിയമനങ്ങളും കഴിഞ്ഞ വർഷം കുറവായിരുന്നു. എന്നാല്‍ യുഎഇ ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ പുതിയ വർഷം ഇതിന് നേർവിപരീതമായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ യു എ ഇയുടെ ടെക്നോളജി രംഗത്ത് വലിയ തോതിലുള്ള നിയമനമാണ് നടന്നതെന്നാണ് ജെസിഎ അസോസിയേറ്റ്സിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ജോൺ ആംസ്ട്രോങ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തോടെ തന്നെ മേഖലയില്‍ നിയമനങ്ങള്‍ വർധിച്ചിട്ടുണ്ടെന്നും അത് ഈ വർഷവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പുതിയ നിയമനം നടത്താതിരുന്ന പല കമ്പനികളും ഈ വർഷം നിയമനം നടത്തിയേക്കും. അതുകൊണ്ട് തന്നെ ടെക്നോളജി രംഗത്തെ ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് ഈ വർഷം വളരെ മികച്ചതായിരിക്കും. 2021-ലും 2022-ലുമായി നടത്തിയ അമിതമായ നിയമനമാണ് കഴിഞ്ഞ വർഷത്തെ പിരിച്ചുവിടലുകളുടെ പ്രധാന കാരണങ്ങളിലൊന്നെന്നും ജോൺ ആംസ്ട്രോങ് പറയുന്നു.
പല കാരണങ്ങളാൽ സ്ഥിരതയുള്ള വളർച്ച കൂടുതൽ സുസ്ഥിരമാണ്. ഒന്നാമതായി, ശമ്പള നിലവാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. അതായത് പല കമ്പനികള്‍ക്കും വിദഗ്ധരായ തൊഴിലാളികളെ ആവശ്യമുള്ളതിനാല്‍ തൊഴിലാളികളുടെ ഡിമാന്‍ഡും ശമ്പളവും വർധിക്കുന്നു.
യുഎഇയിൽ, പ്രത്യേകിച്ച്, തൊഴിൽ അവസരങ്ങളിൽ സ്ഥിരതയുള്ള വർദ്ധനവും പണപ്പെരുപ്പത്തിന് അനുസൃതമായി ശമ്പള വർദ്ധനവും വ്യക്തമാണ്. ടെക്നോളജി രംഗത്തിന് പുറമെ വാണിജ്യ, പാർപ്പിട നിർമ്മാണം, വിനോദം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളും വളർച്ചയുടെ പാതയിലാണ്.
മേല്‍പ്പറഞ്ഞ മേഖലയ്ക്കെല്ലാം വലിയ സാങ്കേതിക നിക്ഷേപവും ആവശ്യമാണ്. അതുപോലെ തന്നെ നിരവധി ഡിജിറ്റൽ പരിവർത്തനങ്ങളും ക്ലൗഡ് ടെക്‌നോളജി പ്രോജക്‌ടുകളും സർക്കാരും ഉപയോഗിക്കുന്നു. യുഎഇയിലെ പോലെ വളരെ വലിയ വിപണിയായ സൗദി അറേബ്യ ഇപ്പോഴും പല മേഖലകളിലെയും പ്രോജക്ടുകളിലൂടെ വളർച്ചയുടെ പാത തുടരുകയാണ്. ഇതും തൊഴില്‍ സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിരവധി ടെക് സ്റ്റാർട്ടപ്പുകളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. അവയിൽ ചിലത് അടുത്ത് തന്നെ വലിയ സ്ഥാപനങ്ങളായി മാറിയേക്കുകയും ചെയ്യും. മെറ്റാ പ്ലാറ്റ്‌ഫോമുകൾ, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികളെല്ലാം യു എ ഇയില്‍ നിന്നും കൂടുതല്‍ നിയമനം നടത്താന്‍ ലക്ഷ്യമിടുന്നുവെന്നും ജോൺ ആംസ്ട്രോങ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications