തൊഴിലന്വേഷണത്തിന് പുതിയ ആപ്പ്; 900 തൊഴിലവസരങ്ങളുമായി ദുബായില്‍ വ്യാവസായിക എക്‌സ്‌പോ
അബുദാബി: തൊഴിലന്വേഷകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് അബുദാബിയില്‍ നടക്കുന്ന ദി ഇന്‍ഡസ്ട്രിയലിസ്റ്റ് കരിയര്‍ എക്സിബിഷന്‍. എക്‌സിബിഷന്റെ മൂന്നാം പതിപ്പ് ആണ് അബുദാബിയില്‍ ഒക്ടോബര്‍ 28 ന് ആരംഭിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 900 പുതിയ തൊഴിലവസരങ്ങളാണ് എക്‌സിബിഷന്‍ വാഗ്ദാനം ചെയ്തത്. 90 സ്വകാര്യ കമ്പനികളായിരുന്നു എക്‌സിബിഷന്റെ ഭാഗമായിരുന്നത്.
100 ഓളം ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്താനും എക്‌സിബിഷന് സാധിച്ചു. ഇന്നാണ് എക്‌സിബിഷന്റെ അവസാന ദിനം. എക്സ്പോയുടെ മൂന്ന് പതിപ്പുകളിലായി വ്യാവസായിക മേഖലയില്‍ മാത്രം 2500 തൊഴിലവസരങ്ങള്‍ എമിറാറ്റികള്‍ക്കായി സൃഷ്ടിച്ചതായി വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രാലയത്തിലെ നാഷണല്‍ ഇന്‍ - കണ്‍ട്രി വാല്യൂ പ്രോഗ്രാം ഡയറക്ടര്‍ സലാമ അല്‍ അവധ് അറിയിച്ചു.

എക്‌സപോയുടെ ആദ്യ രണ്ട് പതിപ്പുകളിലും സമാന എണ്ണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. തൊഴിലവസരങ്ങള്‍ക്കായുള്ള ആപ്പും എക്‌സപോയില്‍ പുറത്തിറക്കി. മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെയും നഫീസ് പ്രോഗ്രാമിന്റെയും സഹകരണത്തോടെ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയമാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. നഫീസ്, അഡ്‌നോക്ക് എന്നീ രണ്ട് മന്ത്രാലയങ്ങള്‍ക്കായിരുന്നു എക്‌സിബിഷന്റെ ഏകോപന ചുമതല.
അബുദാബി എനര്‍ജി സെന്ററില്‍ ആരംഭിച്ച പരിപാടിയില്‍ ഫുഡ് - ബിവറേജ്, എണ്ണപ്പാടം, ഊര്‍ജ സേവനങ്ങള്‍, എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, കണ്‍സള്‍ട്ടിംഗ്, ഓഡിറ്റിംഗ്, ലോജിസ്റ്റിക്സ് ആന്‍ഡ് ട്രേഡ്, പ്രോജക്ട് മാനേജ്മെന്റ്, ടെക്നോളജി, എഞ്ചിനീയറിംഗ് സേവനങ്ങള്‍, കരാര്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒമ്പത് പ്രധാന മേഖലകളിലെ തൊഴിലവസരങ്ങളാണ് തുറന്ന് കൊടുത്തത്.
നാഷണല്‍ സര്‍വീസ് ആന്‍ഡ് റിസര്‍വ് അതോറിറ്റിയുടെ ( എന്‍ എസ് ആര്‍ എ ) പങ്കാളിത്തത്തോടെ ഗവണ്‍മെന്റ് ഡെവലപ്മെന്റും ഫ്യൂച്ചര്‍ ഓഫീസും ആരംഭിച്ച 'ഹമ' പ്രോഗ്രാമിലൂടെ ദേശീയ സര്‍വീസ് റിക്രൂട്ട്മെന്റില്‍ വനിതകള്‍ക്ക് ജോലിയും പരിശീലന അവസരങ്ങളും ഉറപ്പാക്കും. വ്യവസായവും നൂതന സാങ്കേതികവിദ്യയും ഉള്‍പ്പെടെ അഞ്ച് സുപ്രധാന മേഖലകളില്‍ പ്രത്യേക പ്രൊഫഷണല്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ കമ്പനികള്‍, പരിശീലന സ്ഥാപനങ്ങള്‍, തൊഴിലന്വേഷകര്‍ എന്നിവരെ ഒന്നിപ്പിക്കുക, ഫാക്ടറി ആവശ്യങ്ങള്‍ക്കും തൊഴിലന്വേഷകരുടെ കഴിവുകള്‍ക്കും അനുസൃതമായ ജോലിയും പരിശീലന അവസരങ്ങളും പ്രദാനം ചെയ്യുക എന്നിവയായിരുന്നു ദി ഇന്‍ഡസ്ട്രിയലിസ്റ്റ് കരിയര്‍ എക്‌സിബിഷന്റെ ലക്ഷ്യം.












Click it and Unblock the Notifications